'ബ്രഹ്‌മപുരത്തെ മാലിന്യത്തെക്കാള്‍ ഹീനമാണ് ഇടതു സാംസ്‌കാരിക ബോധം'; കക്കുകളി നിരോധിക്കണമെന്ന് തൃശൂര്‍ അതിരൂപത

കക്കുകളി നാടകത്തെയും ഇടത് സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് തൃശൂര്‍ അതിരൂപത സര്‍ക്കുലര്‍. ബ്രഹ്‌മപുരത്തെ മാലിന്യത്തെക്കാള്‍ ഹീനമാണ് ഇടതു സാംസ്‌കാരിക ബോധം. നാടകം ക്രൈസ്തവ വിശ്വാസത്തിനെയും പുരോഹിതരെയും അപഹസിക്കുന്നതാണെന്ന് തൃശൂര്‍ രൂപത കുറ്റപ്പെടുത്തി.

”ബ്രഹ്‌മപുരത്തെ മാലിന്യത്തെക്കാള്‍ ഹീനമാണ് ഇടതു സാംസ്‌കാരിക ബോധം. ഇടത് സംഘടനകള്‍ മുന്നോട്ട് വയ്ക്കുന്ന സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കണോ എന്ന് ആലോചിക്കണം. നാടകം ക്രൈസ്തവ വിശ്വാസത്തിനെയും പുരോഹിതരെയും അപഹസിക്കുന്നതാണ്” എന്നാണ് രൂപത പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്.

കക്കുകളി നിരോധിക്കണമെന്ന ആവശ്യവും തൃശൂര്‍ അതിരൂപത മുന്നോട്ട് വച്ചിട്ടുണ്ട്. കക്കുകളി നാടകത്തിനെതിരെ കെസിബിസിയും രംഗത്തെത്തിയിട്ടുണ്ട്. നാടകം സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും ചരിത്രത്തെ അപനിര്‍മ്മിക്കുന്ന സൃഷ്ടികളെ മഹത്വവത്കരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും കെസിബിസി വ്യക്തമാക്കി.

എത്രയും വേഗം നാടകത്തിന്റെ പ്രദര്‍ശനം നിരോധിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണം. സന്യാസ സമൂഹത്തിന്റെ ആത്മാഭിമാനത്തിന് വില പറയുന്ന നാടകം സംസ്ഥാന സര്‍ക്കാരിന്റെ അന്താരാഷ്ട്ര നാടക വേദിയില്‍ അവസരം നല്‍കിയത് അപലപനീയമാണെന്നും കെസിബിസി അഭിപ്രായപ്പെട്ടു.