തൃക്കാക്കരയിലെ പണക്കിഴി വിവാദം; പണം നല്‍കിയ കവറുമായി കൗണ്‍സിലര്‍മാര്‍, നിര്‍ണായക ദൃശ്യങ്ങള്‍ പിടിച്ചെടുത്ത് വിജിലന്‍സ്

തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തില്‍ നിര്‍ണായക ദൃശ്യങ്ങള്‍ പിടിച്ചെടുത്ത് വിജിലന്‍സ്. പണം നല്‍കിയ കവറുമായി കൗണ്‍സിലര്‍മാര്‍ പുറത്തേക്ക്  പോകുന്നതിന്റെ ദൃശ്യങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്.  ഈ തെളിവ് കേസില്‍ നിര്‍ണായകമാകും. സിസിടിവി ദൃശ്യങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും അത് വേഗത്തില്‍ തന്നെ ശേഖരിക്കേണ്ടതുണ്ടെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു.

പ്രതിപക്ഷ കൗണ്‍സിലര്‍മാരാണ് പണക്കിഴി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം വിജിലന്‍സ് പ്രാഥമിക പരിശോധന നടത്തുകയും തൃക്കാക്കരയിലെത്തി കഴിഞ്ഞ ദിവസം തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. പുലര്‍ച്ചെ രണ്ടുമണി വരെ പരിശോധന നീണ്ടു. ഈ പരിശോധനയിലാണ് ദൃശ്യങ്ങള്‍ വിജിലന്‍സ് പിടിച്ചെടുത്തത്.

അതേസമയം പരാതി അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തിന്റെ പരിശോധന തടസ്സപ്പെട്ടു. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എത്തിയതിനു പിന്നാലെ ചെയര്‍പേഴ്‌സണ്‍ അജിതാ തങ്കപ്പന്‍ ഓഫീസ് പൂട്ടി മടങ്ങി. രാത്രി വൈകിയും ചെയര്‍പേഴ്‌സന്റെ ഓഫീസ് തുറക്കാന്‍ വിജിലന്‍സ് സംഘത്തിനായില്ല. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നിരവധി തവണ ചെയര്‍പേഴ്‌സണിനെ ഫോണ്‍ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. പണം നല്‍കിയോയെന്നതിന് സി സി ടി വി ദൃശ്യങ്ങള്‍ നിര്‍ണായക തെളിവാണ്. ഇത് പരിശോധിക്കണമെങ്കില്‍ ചെയര്‍പേഴ്‌സന്റെ ഓഫീസില്‍നിന്ന് ഹാര്‍ഡ് ഡിസ്‌ക് എടുക്കേണ്ടതുണ്ടായിരുന്നു.

അജിത തങ്കപ്പന്റെയും കൗണ്‍സിലര്‍മാരുടെയും മൊഴിയെടുക്കുക എന്നുളളതാണ് വിജിലന്‍സിന്റെ അടുത്ത നടപടി. ആരോപണം ഉയര്‍ന്നപ്പോള്‍ മുതല്‍ താന്‍ ഇത്തരത്തില്‍ പണക്കിഴി നല്‍കിയിട്ടില്ലെന്ന വാദമാണ് ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ ഉയര്‍ത്തിയിരുന്നത്. എന്നാല്‍ ഭരണകക്ഷിയിലെ കൗണ്‍സിലര്‍മാര്‍ അടക്കം തങ്ങള്‍ക്ക് കവര്‍ ലഭിച്ചുവെന്നും പിന്നീട് ഇത് തിരികെ നല്‍കിയെന്നും പറയുന്ന ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. എന്നാല്‍ അജിത തങ്കപ്പന്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് നടത്തിയ അന്വേഷണത്തിലും സമാനമായ നിഗമനത്തിലാണ് പാര്‍ട്ടി എത്തിയിരുന്നത്.