തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചത് ഉമാ തോമസ്, ജോ ജോസഫിന് പാര്‍ട്ടി ഫണ്ട് ലഭിച്ചില്ല

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ച തുകകളുടെ കണക്ക് പുറത്ത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഉമ തോമസാണ് ഏറ്റവും കൂടുതല്‍ തുക പ്രചാരണത്തിനായി ചെലവഴിച്ചത്. 36,29,807 രൂപയാണ് ഉമ തോമസിന് ചെലവായത്.പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവാകപ്പെട്ട തുകയില്‍ 27,40,000 രൂപ പാര്‍ട്ടിയില്‍ നിന്നും 4,13,311 രൂപ സംഭാവനയായുമാണ് ലഭിച്ചത്.

അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് 34,84,839 രൂപയാണ് ചെലവഴിച്ചത്. 1,90,000 രൂപയാണ് സംഭാവനയായി ലഭിച്ചത്. അതേ സമയം ജോ ജോസഫിന് പാര്‍ട്ടി വിഹിതം ലഭിച്ചിട്ടില്ലെന്നാണ് കളക്ടറേറ്റില്‍ നിന്ന് തിരഞ്ഞെടുപ്പു കമ്മീഷന് നല്‍കിയ രേഖയില്‍ പറഞ്ഞിരിക്കുന്നത്.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്റെ പ്രചാരണത്തിനായി 31,13,719 രൂപയാണ് ചെലവഴിച്ചത്. ഇതില്‍ 16,00,052 രൂപ പാര്‍ട്ടി നല്‍കിയതാണ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ തുക ചെലവഴിച്ചിരിക്കുന്നത് ഇപ്രകാരമാണ്; മന്‍മഥന്‍ 1,83,765 രൂപ, ബോസ്‌കോ കളമശേരി 40,718 രൂപ, ജോമോന്‍ ജോസഫ് 15,250, അനില്‍ നായര്‍ 28,508, സി.പി.ദിലീപ്നായര്‍ 1,92,000.

40 ലക്ഷം രൂപയാണ് നിയമസഭ തfരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് ചെലവാക്കാന്‍ കഴിയുന്ന പരമാവധി തുക.