നോമ്പിന്റെ ആദ്യ പത്തില്‍ തന്നെ പച്ചക്കള്ളം വിളിച്ചു പറഞ്ഞവര്‍ക്ക് ശിക്ഷ കിട്ടി; കെ.എം ഷാജിക്ക് എതിരെ പരോക്ഷ വിമര്‍ശനവുമായി കെ.ടി ജലീല്‍

മുന്‍ എംഎല്‍എ കെഎം ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയതിന് പിന്നാലെ പ്രതികരണവുമായി കെ ടി ജലീല്‍ രംഗത്ത്. നോമ്പിന്റെ ആദ്യ പത്തില്‍ തന്നെ രണ്ട് വര്‍ഷം മുമ്പ് പച്ചക്കള്ളം വിളിച്ചു പറഞ്ഞവര്‍ക്ക് ശിക്ഷ കിട്ടുമെന്ന് സ്വപ്നമേവ കരുതിയില്ലെന്ന് ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സ്വര്‍ണ്ണക്കടത്ത് വിവാദത്തിന് പിന്നാലെ ഇ.ഡി, കസ്റ്റംസ്, എന്‍.ഐ.എ എന്നീ മൂന്ന് അന്വേഷണ ഏജന്‍സികളാണ് തനിക്ക് ചുറ്റും പത്മവ്യൂഹം തീര്‍ത്തത്. എന്നാല്‍ ഒരു ഒരു നയാപൈസ പിഴ ചുമത്താനോ ഒരു രൂപ കണ്ടുകെട്ടാനോ അവര്‍ക്ക് സാധിച്ചില്ല. ഒരു പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ ഏറെ അഭിമാനിച്ച നാളുകളായിരുന്നു അതെന്ന് ജലീല്‍ പറഞ്ഞു.

‘വിശുദ്ധ ഖുര്‍ആന്റെ മറവില്‍ ഈയുള്ളവന്‍ സ്വര്‍ണ്ണം കള്ളക്കടത്തു നടത്തി എന്നും ഖുര്‍ആനല്ല കിട്ടിയ സ്വര്‍ണ്ണമാണ് തിരിച്ച് കൊടുക്കേണ്ടതെന്നും നിയമസഭയില്‍ യാതൊരു അടിസ്ഥാനവുമില്ലാതെ എന്റെ പഴയ സുഹൃത്ത് പ്രസംഗിച്ചത് കേട്ടപ്പോള്‍ വല്ലാതെ മനസ്സ് വേദനിച്ചിരുന്നു.’

‘വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായ മാസമാണ് പരിശുദ്ധ റംസാന്‍. നോമ്പിന്റെ ആദ്യ പത്തില്‍ തന്നെ രണ്ട് വര്‍ഷം മുമ്പ് പച്ചക്കള്ളം വിളിച്ചു പറഞ്ഞവര്‍ക്ക് ശിക്ഷ കിട്ടുമെന്ന് സ്വപ്നമേവ കരുതിയില്ല. ‘നിങ്ങളുടെ നാവിനെ നിങ്ങള്‍ സൂക്ഷിക്കുക’ എന്ന പ്രവാചക വചനം എത്ര അന്വര്‍ത്ഥമാണ്’ അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആശ ഷാജിയുടെ പേരിലുള്ള 25 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയത്. മാലൂര്‍ക്കുന്നിലെ പറമ്പും വീടുമാണ് ഇഡി കണ്ടുകെട്ടിയത്. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് നടപടി.

അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആക്ഷേപത്തിലാണ് ഇഡി അന്വേഷണം തുടങ്ങിയത്. ഇത് ആഡംബര വീട്ടിലേക്കും നികുതിവെട്ടിപ്പിലേക്കുമെത്തി. വയനാട്ടിലും കണ്ണൂരിലും കോഴിക്കോട്ടുമായി തന്റെ പേരിലുള്ള സ്വത്തെല്ലാം വാങ്ങിയത് ഷാജിയെന്നായിരുന്നി ഭാര്യ ആശ നല്‍കിയ മൊഴി.