എന്‍സിപി സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റ് കുട്ടനാട് എംഎൽഎ തോമസ് കെ തോമസ്. കൊച്ചിയിൽ നടന്ന ചടങ്ങിൽ വച്ചായിരുന്നു ചുമതലയേൽപ്പ്.എൻസിപിയെ ഒറ്റകെട്ടായി മുന്നോട്ട് നയിക്കുമെന്നും പാർട്ടിയിൽ നിന്ന് ഒന്നും എടുക്കാൻ അല്ല കൊടുക്കാനാണ് പ്രവർത്തകർ ശ്രമിക്കേണ്ടതെന്നും തോമസ് കെ തോമസ് പറഞ്ഞു. അതേസമയം ചടങ്ങിൽ പി സി ചാക്കോ പങ്കെടുത്തില്ല.
എൻസിപിയിൽ പറയത്തക്ക പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് സ്ഥാനം ഏറ്റെടുത്ത ശേഷം തോമസ് കെ തോമസ് പ്രതികരിച്ചു. ചില വിഷയങ്ങൾ ഉണ്ട്. പക്ഷേ അത് പരിഹരിക്കപ്പെടും. മന്ത്രിയുമായും മറ്റ് പ്രശ്നങ്ങൾ ഇല്ല. പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാൻ ഉണ്ടെന്നും അത് ഉടൻ പ്രഖ്യാപിക്കുമെന്നും തോമസ് കെ തോമസ് പറഞ്ഞു. ആശാവർക്കർമാരുടെ സമരത്തിലും സർക്കാർ ഇടപെടണമെന്നും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും തോമസ് കെ തോമസ് പറഞ്ഞു.
Read more
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ആകുമെന്നാണ് വിശ്വസിക്കുന്നതെന്നും തോമസ് കെ തോമസ് വ്യക്തമാക്കി. എൻസിപിയുള്ള വിഷയങ്ങളെല്ലാം പരിഹരിച്ച് മുന്നോട്ട് പോകുമെന്നും പാർട്ടിയിൽ പുനഃസംഘടന ഉണ്ടാകുമെന്നും തോമസ് കെ തോമസ് കൂട്ടിചേർത്തു. ഇനി തീരുമാനങ്ങളെല്ലാം കമ്മിറ്റി കൂടി ആയിരിക്കും തീരുമാനിക്കുക എന്നും ഒറ്റയ്ക്ക് ഒരു തീരുമാനം എടുക്കില്ല എന്നും തോമസ് കെ തോമസ് പറഞ്ഞു.