തറവാട് പൊളിച്ചപ്പോള്‍ പാര്‍ട്ടി മിണ്ടിയില്ല; ബല്‍റാം അപമാനിച്ചപ്പോള്‍ വിപ്ലവം ഉണര്‍ന്നു; പാവങ്ങളുടെ പടത്തലവന് ബജറ്റില്‍ 10 കോടി

പാവങ്ങളുടെ പടത്തലവനായ എകെജിയുടെ ഓര്‍മകളെ സംരക്ഷിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ലെന്ന വാര്‍ത്തകളായിരുന്നു 2011 ല്‍ കേരളത്തില്‍ സിപിഐഎമ്മിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നത്. അന്ന് മന്ത്രിമാരായിരുന്ന മന്ത്രിമാരായിരുന്ന കോടിയേരി ബാലകൃഷ്ണന്റേയും എം എ ബേബിയുടേയും പ്രഖ്യാപനങ്ങള്‍ പാഴ്വാക്കായപ്പോള്‍ എ കെ ജിയുടെ തറവാടു വീട് പൊളിച്ചുനീക്കിയിരുന്നു.

അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ ഇടപെട്ടാണു എകെജിയുടെ വീട് സ്മാരകമാക്കാന്‍ തീരുമാനിച്ചിരുന്നത്. തലശേരി പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എകെജിയുടെ വീട് സ്മാരകമാക്കി നിലനിര്‍ത്തുമെന്ന് അന്നത്തെ ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. അന്നത്തെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പ്രഖ്യാപനത്തിന് ശേഷം സാംസ്‌ക്കാരിക വകുപ്പ് മന്ത്രി കൂടിയായ എം എ ബേബിയും സ്ഥലം എം എല്‍ എ കൂടിയായ ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും വീട് സന്ദര്‍ശിച്ച് സര്‍ക്കാര്‍ ഏറ്റെടുക്കല്‍ പ്രഖ്യാപനം ആവര്‍ത്തിച്ചതും പാഴ്്‌വാക്കായിരുന്നു

എന്നാല്‍ വിഎസിന് ശേഷം സംസ്ഥാനത്ത് അധികാരത്തിലെത്തിയ പിണറായി വിജയന്‍ സര്‍ക്കാര്‍ എകെജി സ്മാരകത്തിനുവേണ്ടി ചെറുവിരല്‍ അനക്കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ എകെജിക്കെതിരെ കോണ്‍ഗ്രസ് എം.എല്‍.എ വിടി ബല്‍റാം നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ തന്നെയാണ് സിപിഐഎമ്മിനെ ചൊടിപ്പിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായാണ് ബജറ്റില്‍ എകെജിയുടെ ജന്മനാട്ടില്‍ അദ്ദേഹത്തിന് സ്മാരകം പണിയാന്‍ 10 കോടി രൂപ അനുവദിച്ചിരിക്കുന്നത്. എകെജിയുടെ ജീവിതം പുതിയ തലമുറയ്ക്ക് മാതൃകയാണെന്നും ധനകാര്യ മന്ത്രി പറഞ്ഞിരുന്നു. കെജിയെക്കുറിച്ച് പത്‌നി സുശീല ഗോപാലന്‍ എഴുതിയ വരികള്‍ ഉദ്ധരിച്ചായിരുന്നു ധനമന്ത്രി സ്മാരകം നിര്‍മിക്കുമെന്ന പ്രഖ്യാപനം നടത്തിയത്.

അന്ന് പെരളശ്ശേരിയിലെ എ കെ ജിയുടെ “ഗോപാലവിലാസം” വീട് പൊളിച്ചു നീക്കുന്നത് ഹൃദയവേദനയോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കണ്ടുനില്‍ക്കേണ്ടിവന്നിരുന്നത്. എ.കെ.ജിയുടെ സഹോദരിയുടെ മകന്‍ സദാശിവന്റെ പേരിലാണ് ഇപ്പോള്‍ ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.