തൊടുപുഴ പീഡനം; അമ്മയ്ക്കും മുത്തശ്ശിക്കും പങ്ക്, കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച് സി.ഡബ്ള്യു.സി

ഇടുക്കി തൊടുപുഴയില്‍ പതിനേഴുകാരി പീഡനത്തിന് ഇരയായ സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്കും മുത്തശ്ശിക്കും പങ്കുണ്ടെന്ന് സിഡബ്ല്യുസി. സംഭവത്തില്‍ ഇവര്‍ക്കെതിരെ കേസെടുക്കാന്‍ സിഡബ്ലൂസി പൊലീസിന് നിര്‍ദ്ദേശം നല്‍കി.

2020ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിയിരുന്നു. ഈ സംഭവത്തിലും സിഡബ്ല്യുസി നിര്‍ദ്ദേശപ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. പൈണ്‍കുട്ടിയെ കൊണ്ട് ബാലവേല ചെയ്യിച്ചതിന് 2019ലും കേസെടുത്തിരുന്നു. എന്നാല്‍ ബന്ധു വീട്ടില്‍ തുന്നല്‍ പഠിക്കുകയായിരുന്നു എന്നാണ് കുട്ടി മൊഴി നല്‍കിയിരുന്നത്. ഇതേ തുടര്‍ന്ന് കേസ് തള്ളിപ്പോവുകയായിരുന്നു.

ഒന്നര വര്‍ഷത്തിനിടയില്‍ പതിനഞ്ചിലധികം പേര്‍ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. സംഭവത്തില്‍ ആറു പേര്‍ പിടിയിലായി. ബാക്കിയുള്ളവര്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

കുമാരംമംഗലം മംഗലത്തുവീട്ടില്‍ രഘു (51), കോട്ടയം രാമപുരം കുറിഞ്ഞി മണിയാടുംപാറ സ്വദേശി കൊട്ടൂര്‍ തങ്കച്ചന്‍ (56), ഇടവെട്ടി വലിയജാരം പോക്കളത്ത് ബിനു (43), പടിഞ്ഞാറേ കോടിക്കുളം പാറപ്പുഴ പിണക്കാട്ട് തോമസ് ചാക്കോ (27), കെ.എസ്.ഇ.ബി. ജീവനക്കാരന്‍ കല്ലൂര്‍ക്കാട് വെള്ളാരംകല്ല് വാളമ്പിള്ളില്‍ സജീവ് (55), മലപ്പുറം പെരുന്തല്‍മണ്ണ മാളിയേക്കല്‍ ജോണ്‍സണ്‍ (50) എന്നിവരാണ് പിടിയിലായത്.

Read more

കുമാരമംഗലം സ്വദേശിയായ ബേബി എന്നറിയപ്പെടുന്ന രഘു ജോലി വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ വിളിച്ചുകൊണ്ടു പോയി പലര്‍ക്കും കൈമാറുകയായിരുന്നു. ബേബിയുടെ സുഹൃത്തായ തങ്കച്ചനാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് കോട്ടയം, എറണാകുളം എന്നിങ്ങനെ പല സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടതായാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വയറുവേദനയെ തുടര്‍ന്ന കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. പതിനേഴുകാരിയായ പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണ്.