'ഇത് തിരുത്തലല്ല തകര്‍ക്കല്‍'; ഡോ. ഹാരിസിന്റെ പ്രതികരണം തെറ്റിദ്ധാരണയുണ്ടാക്കിയെന്ന് ദേശാഭിമാനി മുഖപ്രസംഗം

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സാ പ്രതിസന്ധിയുണ്ടെന്നും രോഗികൾക്ക് ചികിത്സ ലഭിക്കുന്നില്ലെന്നുമുള്ള വിവരം പുറത്ത് വിട്ടതിന് പിന്നാലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിനെതിരെ കടന്നാക്രമണം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ‘ഇത് തിരുത്തലല്ല തകര്‍ക്കല്‍’ എന്ന തലക്കെട്ടോടെ ഡോ. ഹാരിസ് ചിറയ്ക്കലിന്റെ പ്രവർത്തിയെ വിമർശിച്ച് മുഖപ്രസംഗം ഇറക്കിയിരിക്കുകയാണ് ദേശാഭിമാനി.

ഡോ. ഹാരിസിന്റെ പ്രതികരണം തെറ്റിദ്ധാരണയുണ്ടാക്കിയെന്നാണ് ദേശാഭിമാനിയുടെ വിമര്‍ശനം. ഡോ. ഹാരിസ് ഉന്നയിച്ചത് ഒറ്റപ്പെട്ട പ്രശ്‌നമാണെന്നും ആരോഗ്യവകുപ്പ് അതില്‍ ഗൗരവമായി തന്നെ ഇടപെട്ടുവെന്നും മുഖപ്രസംഗത്തിൽ പറയുന്നുണ്ട്. ഇതിന്റെ പേരില്‍ സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയാകെ തകര്‍ന്നെന്ന് പ്രചരിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും ദേശാഭിമാനി മുഖപ്രസംഗം കുറ്റപ്പെടുത്തുന്നുണ്ട്.

സര്‍ക്കാര്‍ ആശുപത്രികളില്‍ നടക്കുന്ന സൗജന്യ ചികിത്സകളുടെ എണ്ണത്തില്‍ വലിയ മാറ്റമുണ്ടായെന്നും സൗകര്യങ്ങള്‍ വര്‍ധിച്ചെന്നും മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സ്വകാര്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍മാത്രം നടത്തിയിരുന്ന നവീന ചികിത്സാ സൗകര്യങ്ങളും ആന്‍ജിയോപ്ലാസ്റ്റിയും ബൈപാസ് സര്‍ജറിയും അവയവമാറ്റ ശസ്ത്രക്രിയകളും മിക്ക നഗരങ്ങളിലും സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാണ്.

അര്‍ഹര്‍ക്കെല്ലാം സൗജന്യ ചികിത്സ, മതിയായ ജീവനക്കാര്‍, ഡോക്ടര്‍മാര്‍, മികച്ച ഓപ്പറേഷന്‍ തിയറ്ററുകള്‍, വാര്‍ഡുകള്‍, മരുന്ന് ലഭ്യത തുടങ്ങി മുഴുവന്‍ മേഖലയും ഇത്രമാത്രം നവീകരിക്കപ്പെട്ട മറ്റൊരു കാലഘട്ടമില്ല. മാതൃമരണ നിരക്ക്, ശിശുമരണ നിരക്ക്, നവജാതശിശു മരണനിരക്ക് തുടങ്ങി ആരോഗ്യമേഖലയുടെ സജീവത അളക്കാനുള്ള ഏത് മാനദണ്ഡമെടുത്താലും നേട്ടം കൊയ്ത സംസ്ഥാനമാണിതെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

അതേസമയം ഉപകരണങ്ങളുടെ അഭാവം അടിയന്തരമായി പരിഹരിക്കണമെന്നും അതിനുള്ള സാങ്കേതിക തടസങ്ങള്‍ നീക്കണമെന്നുമാണ് ഡോക്ടര്‍ ഹാരിസ് പറഞ്ഞതിന്റെ രത്‌നച്ചുരുക്കമെന്നും മുഖപ്രസംഗത്തിൽ പറയുന്നു. എന്നാൽ ഇത് തെറ്റിദ്ധരിക്കപ്പെട്ടു. ഇത്തരം സാഹചര്യമുണ്ടാകാനുള്ള കാരണം, ഇനിയെടുക്കേണ്ട മുന്‍കരുതലുകള്‍ എന്നിവയടക്കം അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചു. മാര്‍ച്ചില്‍ത്തന്നെ ഓര്‍ഡര്‍ നല്‍കിയിരുന്ന ഉപകരണങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ എത്തിക്കുകയും ചെയ്തുവെന്നും മുഖപ്രസംഗത്തിൽ വിശദീകരിക്കുന്നു.

Read more