തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് നാളെ തുറക്കും

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് നാളെ തുറക്കും. കെഎസ്‌യു നാളെ കോളേജില്‍ യൂണിറ്റ് തുടങ്ങാനുള്ള ശ്രമത്തിലാണ്. നേരത്തെ എഐഎസ്എഫ് യൂണിറ്റ് തുടങ്ങിയിരുന്നു. കനയ്യകുമാറിനെ ക്യാമ്പസിലെത്തിക്കാനാണ് എഐഎസ്എഫ് നീക്കം. പരമാവധി വിദ്യാര്‍ഥികളെ ഒപ്പം നിര്‍ത്താന്‍ എസ്എഫ്‌ഐയും ഇതിനോടകം പരിശ്രമിക്കുന്നുണ്ട്.

യൂണിവേഴ്‌സിറ്റി കോളേജ് വിവാദം വലിയ രാഷ്ട്രീയ പ്രശ്‌നമായി വളര്‍ന്ന സാഹചര്യത്തിലാണ് കോളേജ് തുറക്കുന്നത്. സ്ഥിരം പ്രിന്‍സിപ്പാളിനെ വെച്ചും മൂന്ന് അധ്യാപകരെ സ്ഥലംമാറ്റിയതിനും പിന്നാലെ അധ്യാപകരെ മാറ്റുന്നതടക്കമുള്ള കൂടുതല്‍ ശുദ്ധീകലശത്തിനാണ് സര്‍ക്കാര്‍ ശ്രമം. എസ്എഫ്‌ഐ നേതൃത്വത്തിനെതിരെ വിദ്യാര്‍ഥികള്‍ രംഗത്തെത്തിയ സാഹചര്യം മുതലാക്കിയാണ് എഐഎസ്എഫ് യൂണിറ്റ് തുടങ്ങിയതായി പ്രഖ്യാപിച്ചത്. എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തിനായെത്തുന്ന കനയ്യകുമാറിനെ ക്യാമ്പസിലെത്തിച്ച് ഒന്നിന് കൊടിമരം സ്ഥാപിക്കാനാണ് ശ്രമം. സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം തുടരുന്ന കെഎസ്‌യുവിന്റെ ലക്ഷ്യവും യൂണിറ്റ് തന്നെയാണ്.

Read more

കടുത്ത പ്രതിരോധത്തിലായ എസ്എഫ്‌ഐ കുത്തേറ്റ അഖിലിനെ അടക്കം ഉള്‍പ്പെടുത്തിയ അഡ്‌ഹോക്ക് കമ്മിറ്റി ഉണ്ടാക്കിയാണ് വിമര്‍ശനങ്ങള്‍ മറികടക്കാനൊരുങ്ങുന്നത്. സെക്രട്ടേറിയറ്റിന് മുന്നില്‍ കഴിഞ്ഞ ദിവസത്തെ അവകാശപത്രികാ റാലിയില്‍ നേതൃത്വത്തിനെതിരെ പരാതി ഉന്നയിച്ചവരെയും ഇറക്കിയ എസ്എഫ്‌ഐ ക്യാമ്പസിലെ കരുത്ത് ചോരാതിരിക്കാനുള്ള തെറ്റ്തിരുത്തല്‍ നടപടികളിലാണ്. 25ന് കോളേജിന് മുന്നില്‍ എസ്എഫ്‌ഐ മഹാപ്രതിരോധം തീര്‍ക്കുന്നുണ്ട്. കോളേജ് തുറക്കുന്ന ആദ്യ ദിനങ്ങളില്‍ കനത്ത പൊലീസ് കാവലുണ്ടാകും. ക്ലാസ് തുടങ്ങിയാലും പരീക്ഷാക്രമക്കേടിലെ സമരങ്ങള്‍ തുടരാനാണ് പ്രതിപക്ഷ വിദ്യാര്‍ഥി-യുവജന സംഘടനകളുടെ തീരുമാനം.