തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പ്; മുൻ സൂപ്രണ്ട് അറസ്റ്റിൽ

തിരുവനന്തപുരം കോർപ്പറേഷനിലെ നികുതി വെട്ടിപ്പിൽ പ്രതിയായ നേമം സോൺ മുൻ സൂപ്രണ്ട് എസ് ശാന്തി അറസ്റ്റിൽ. 27 ലക്ഷം രൂപയുടെ വെട്ടിപ്പാണ് ശാന്തിയുടെ നേതൃത്വത്തില്‍ നേമം സോണിൽ മാത്രം നടന്നത്. ഇവരെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തതിനു പിന്നാലെ ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ്.

ഒളിവിലായിരുന്ന ശാന്തിയെ ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി തള്ളിയിരുന്നു. ശാന്തിയുടെ മുൻകൂർ ജാമ്യാപേക്ഷ നവംബർ ഒന്‍പതിന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഇന്ന് പുലര്‍ച്ചെയോടെ കീഴടങ്ങിയത്.

Read more

33 ലക്ഷം രൂപയുടെ തട്ടിപ്പാണ് തിരുവനന്തപുരം കോർപ്പറേഷനില്‍ ഇതു വരെ കണ്ടെത്തിയത്. ഇതില്‍ 27ലക്ഷം രൂപയുടെ തട്ടിപ്പും കണ്ടെത്തിയത് നേമം സോണിലാണ്. നികുതിവെട്ടിപ്പില്‍ എസ് ശാന്തി അടക്കം ഏഴ് ഉദ്യോഗസ്ഥരെ കോര്‍പ്പറേഷന്‍ സസ്പെന്‍റ് ചെയ്തിരുന്നു. തിരുവനന്തപുരം കോര്‍പറേഷനിലെ നേമം, ശ്രീകാര്യം, ആറ്റിപ്ര സോണുകളിലാണ് വന്‍ നികുതി വെട്ടിപ്പ് നടന്നത്. നേമത്തെ വന്‍ വെട്ടിപ്പ് കൂടാതെ ശ്രീകാര്യത്ത് 5 ലക്ഷവും ആറ്റിപ്രയില്‍ 2 ലക്ഷം രൂപയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു.