അവര്‍ തനിച്ചാവില്ല, അന്ത്യയാത്രയും ഒരുമിച്ച്; തിരിച്ചറിയാന്‍ സാധിക്കാത്തവര്‍ക്ക് ഹാരിസണ്‍ മലയാളത്തിന്റെ ഭൂമിയില്‍ അന്ത്യവിശ്രമം; സംസ്‌കാരം സര്‍വ്വമത പ്രാര്‍ത്ഥനയോടെ

വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കണ്ടെത്തിയ തിരിച്ചറിയാന്‍ സാധിക്കാത്ത മൃതദേഹങ്ങള്‍ ഹാരിസണ്‍ മലയാളത്തിന്റെ ഭൂമിയില്‍ സംസ്‌കരിക്കും. പുത്തുമലയില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് സൗജന്യമായി വിട്ടുനല്‍കിയ 64 സെന്റ് ഭൂമിയിലാണ് ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ട് തിരിച്ചറിയാന്‍ സാധിക്കാത്തവര്‍ക്ക് അന്ത്യവിശ്രമം ഒരുങ്ങുന്നത്.

പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് സംസ്‌കാരം നടക്കുക. ഇതിന് മുന്നോടിയായി സര്‍വ്വമത പ്രാര്‍ത്ഥന നടക്കും. ഇതിന് ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഹാപിസണ്‍ മലയാളം സ്ഥലം വിട്ടുനല്‍കിയകത്. തിരച്ചിലില്‍ ലഭിച്ച 198 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി.

195 മൃതദേഹങ്ങള്‍ വയനാട്ടിലേക്ക് കൊണ്ട് പോകുകയും മൂന്നെണ്ണം ബന്ധുക്കള്‍ ഏറ്റെടുക്കുകയും ചെയ്തു. ചാലിയാറില്‍ നിന്ന് ഇതുവരെ ആകെ ലഭിച്ചത് 73 മൃതദേഹങ്ങളും 132 ശരീര ഭാഗങ്ങളുമാണ്. ഇതുവരെ തിരിച്ചറിയാന്‍ സാധിക്കാത്ത 67 മൃതദേഹങ്ങളാണ് മേപ്പാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ളത്.

Read more

ഇതില്‍ അഞ്ച് മൃതദേഹങ്ങള്‍ കല്പറ്റ പൊതുശ്മശാനത്തില്‍ കഴിഞ്ഞ ദിവസം സംസ്‌കരിച്ചു. ആദ്യ ഘട്ടത്തില്‍ ഹാരിസണ്‍ മലയാളത്തില്‍ എട്ട് മൃതദേഹങ്ങള്‍ സംസ്‌കരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹങ്ങള്‍ക്ക് പുറമേ തിരച്ചിലില്‍ കണ്ടെത്തിയ ശരീര അവശിഷ്ടങ്ങളും ഇവിടെ സംസ്‌കരിക്കും.