സി.പി.എം ചരിത്രപ്രദര്‍ശനത്തില്‍ മന്നത്തിന്റെ ചിത്രമില്ല, വിമര്‍ശനവുമായി എന്‍.എസ്.എസ്

സി.പി.എം ചരിത്ര പ്രദര്‍ശനത്തില്‍ മന്നത്ത് പത്മനാഭന്റെ ചിത്രം ഉള്‍പ്പെടുത്താത്തതില്‍ എന്‍.എസ്.എസിന് പ്രതിഷേധം. രാഷ്ട്രീയ പാര്‍ട്ടികള്‍ മന്നത്ത് പത്മനാഭന്റെ ചിത്രം സൗകര്യം പോലെ ഉയര്‍ത്തിപ്പിടിക്കുന്നുവെന്നും, മറ്റ് ചിലപ്പോള്‍ മാറ്റി വയ്ക്കുന്നുവെന്നും എന്‍.എസ്. എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു.

താല്‍കാലിക രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് പാര്‍ട്ടികള്‍ ഇങ്ങനെ ചെയ്യുന്നത്. അത് സമുദായവും സമൂഹവും അത് തിരിച്ചറിയുന്നുണ്ട് എന്ന് മനസ്സിലാക്കണമെന്ന് സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

രാഷ്ട്രീയനേട്ടത്തിനു വേണ്ടിയുള്ള നിലപാടുകള്‍ ഒരിക്കലും മന്നമോ എന്‍.എസ്.എസോ സ്വീകരിച്ചിട്ടില്ല. വിമോചനസമരത്തിന് മന്നം നേതൃത്വം നല്‍കിയത് കമ്മ്യൂണിസ്റ്റ് ദുര്‍ഭരണത്തിനെതിരെയും സാമൂഹ്യ നീതിക്ക് വേണ്ടിയുമായിരുന്നു എന്ന് പ്രസ്താവനയില്‍ പറയുന്നു. അത് ലോകാകെ അംഗീകരിക്കപ്പെട്ടതാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

അതേസമയം സി.പി.എമ്മിന്റെ നാല് ദിവസം നീളുന്ന് സംസ്ഥാന സമ്മേളനത്തിന് എറണാകുളത്ത് തുടക്കമായി. സംസ്ഥാന കമ്മിറ്റി അംഗം ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തി. പ്രതിനിധി സമ്മേളനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദഘാടനം ചെയ്തു. മൂന്നര പതിറ്റാണ്ടിന് ശേഷമാണ് പാര്‍ട്ടി സമ്മേളനം എറണാകുളം ജില്ലയിലേക്ക് എത്തുന്നത്. പ്രതിനിധി സമ്മേളനത്തില്‍ 400 ഓളം പേര്‍ പങ്കെടുക്കും. 23 നിരീക്ഷകരാണ് സമ്മേളനത്തില്‍ പങ്കെടുക്കുക.