സംസ്ഥാന സര്‍ക്കാരും ബാര്‍ ഉടമകളുമായി ധാരണയുണ്ട്; 29 ബാറുകള്‍ ഇന്ന് ആയിരത്തിലേറെയായി; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിഎം സുധീരന്‍

ബാര്‍ കോഴ വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ വിഎം സുധീരന്‍. സംസ്ഥാന സര്‍ക്കാരും ബാര്‍ ഉടമകളുമായി ധാരണയുണ്ടെന്ന് വിഎം സുധീരന്‍ പറഞ്ഞു. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ആകെ 29 ബാറുകള്‍ മാത്രമാണ് സംസ്ഥാനത്തുണ്ടായിരുന്നത്.

എന്നാല്‍ ഇന്ന് കേരളത്തില്‍ ആയിരത്തിലേറെ ബാറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിഎം സുധീരന്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരും ബാര്‍ ഉടമകളും തമ്മില്‍ ധാരണയുണ്ടെന്നതിന്റെ തെളിവാണ് പുറത്തുവന്ന സംഭാഷണം. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം പര്യാപ്തമല്ല. സിബിഐ അന്വേഷണം ആവശ്യമാണെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തില്‍ അനിവാര്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഒരിക്കലും ഐടി പാര്‍ക്കുകളില്‍ മദ്യത്തിന് അനുമതി നല്‍കാന്‍ പാടില്ലെന്നും സുധീരന്‍ പറഞ്ഞു. ബാര്‍ ഉടമകളുടെ സംഘടന ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് അനിമോന്റെ ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെ സംഭവം വിവാദമാകുകയായിരുന്നു.

മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിര്‍ദ്ദേശിക്കുന്നതായിരുന്നു ശബ്ദ സന്ദേശം. ഡ്രൈ ഡേ ഒഴിവാക്കാനും ബാര്‍ സമയം വര്‍ദ്ധിപ്പിക്കാനും ഒരാള്‍ രണ്ടര ലക്ഷം വീതം നല്‍കണമെന്നായിരുന്നു സന്ദേശം.