ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് ഇഡി സമൻസ് അയച്ചത് പൂഴ്ത്തിവെച്ചതിൽ ദുരൂഹതയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. കേസിൽ മുഖ്യമന്ത്രിയുടെ മകനെതിരായ തുടർനടപടി എന്തായിരുന്നുവെന്നതടക്കം ഇഡി മറുപടി പറയണമെന്ന് കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു.
ഇഡിയും സിപിഎമ്മും സമൻസ് വിവരം പൂഴ്ത്തിവെച്ചത് നിരവധി സംശയങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്നും കെ സി വേണുഗോപാൽ ചൂണ്ടിക്കാട്ടി. 2023-ലാണ് ഇഡി സമൻസ് നൽകിയത്, എന്നാൽ ഇത് പുറത്തുവന്നത് ഇപ്പോഴാണ്. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾക്ക് നോട്ടീസ് നൽകിയാൽ അത് രാജ്യവ്യാപകമായി പ്രചരിപ്പിക്കുന്ന ഇഡി മുഖ്യമന്ത്രിയുടെ മകന്റെ കാര്യത്തിൽ അത്തരം പ്രചരണത്തിന് മുതിർന്നില്ലെന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി.
നാഷണൽ ഹെറാൾഡ് കേസ്, ജാർഖണ്ഡിലെ ഹേമന്ത് സോറൻ്റെ കേസ് തുടങ്ങിയവയിൽ ഇ ഡി കാട്ടിയ കോലാഹലം ഓർമ്മിപ്പിച്ചുകൊണ്ടാണ് കെ വി വേണുഗോപാൽ ഈ വൈരുധ്യം ചൂണ്ടിക്കാട്ടിയത്. മുഖ്യമന്ത്രിയുടെ മകനെതിരായ തുടർനടപടി എന്തായിരുന്നു, കേസിൻ്റെ നിലവിലെ അവസ്ഥയെന്ത്, ചോദ്യം ചെയ്യൽ നടന്നോ തുടങ്ങിയ നിരവധി ചോദ്യങ്ങൾക്ക് ഇ ഡി മറുപടി പറയണമെന്നും കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു.
ലൈഫ് മിഷൻ 2023 ൽ ഇഡി സമൻസ് അയച്ചതിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. എന്തിലാണ് സമൻസ് നൽകിയതെന്നതിൽ വ്യക്തതയില്ല. സമൻസിന് വിവേക് ഹാജരായില്ലെന്നാണ് വിവരം. ക്ലിഫ് ഹൗസ് വിലാസത്തിലാണ് സമൻസ് അയച്ചിരിക്കുന്നത്. അതേസമയം, വിഷയത്തിൽ ഇഡിയുടെ തുടർ നടപടി ഉണ്ടായില്ലെന്നാണ് വിവരം. 2023ൽ ഫെബ്രുവരി 14ന് രാവിലെ പത്തരയ്ക്ക് ഇഡിയുടെ കൊച്ചിയിലെ ഓഫീസിൽ എത്തണമെന്നായിരുന്നു സമൻസിലുള്ളത്. എന്നാൽ വിവേക് അന്ന് ഹാജരായിരുന്നില്ല. ലൈഫ് മിഷൻ കേസ് വിവാദം കത്തി നിൽക്കുന്ന സമയത്താണ് വിവേകിന് ഇഡി സമൻസ് അയച്ചത്.







