ഇടുക്കിയില്‍ ജലനിരപ്പ് കൂടി, കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു

ഇടുക്കി അണക്കെട്ടില്‍ നിന്ന് പുറത്തേക്ക് ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. ചെറുതോണി അണക്കെട്ടിന്റെ മൂന്നാം നമ്പര്‍ ഷട്ടര്‍ 60 സെന്റീമീറ്റല്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 60,000 ലിറ്റല്‍ വെള്ളമാണ് പുറത്തേക്ക് വിടുന്നത്. രാവിലെ 6 മണിയോടെ ഷട്ടര്‍ 40 സെന്റിമീറ്റര്‍ ആയി ഉയര്‍ത്തി 40,000 ലിറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കിയിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയതാണ് ഇടുക്കിയില്‍ ജലനിരപ്പ് ഉയരാന്‍ കാരണം.

പെരിയാറിന്റെയും ചെറുതോണി പുഴയുടെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. എന്നാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ഇടയ്ക്കിടെ പെയ്യുന്നുണ്ട്. ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ കൂടുതല്‍ ഷട്ടറുകള്‍ തുറന്നേക്കും.

മുല്ലപ്പെരിയാറില്‍ നിന്ന് തമിഴ്മാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചിരുന്നു. 900 ഘനയടിയാണ് വെള്ളമാണ് ഇപ്പോള്‍ കൊണ്ടുപോകുന്നത്. നിലവില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.90 അടിയായി ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ രാത്രി 9 ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നു. ഇതില്‍ എട്ട് ഷട്ടറുകളും അടച്ചു. 142 ഘനയടി വെള്ളമാണ് മുല്ലപ്പെരിയാറില്‍ നിന്നു പുറത്തേക്ക് വിടുന്നത്.

അതേസമയം മുല്ലപ്പെരിയാറില്‍ ഇന്നലെയും മുന്നറിയിപ്പ് നല്‍കാതെ തമിഴ്‌നാട് ഷട്ടറുകള്‍ തുറന്നത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. പെരിയാര്‍ തീരത്തെ നിരവധി വീടുകളില്‍ വെള്ളം കയറി. 120 സെന്റിമീറ്ററുകള്‍ വീതം ഉയര്‍ത്തിയ ഷട്ടറുകളിലൂടെ 12,654 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കിവിട്ടത്. സ്ഥലം സന്ദര്‍ശിക്കാനെത്തിയ ജലമന്ത്രി റോഷി അഗസ്റ്റിന് നേരെയും പ്രതിഷേധം ഉയര്‍ന്നു. രാത്രി മുന്നറിയിപ്പില്ലാതെ വെള്ളം തുറന്ന് വിടുന്നത് സംബന്ധിച്ച് കേരളത്തിന്റെ പ്രതിഷേധം മേല്‍നോട്ട സമിതിയെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. സുപ്രീംകോടതിയെ വിവരം അറിയിക്കുമെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.