നീറ്റ് പരീക്ഷക്കിടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; വിദ്യാര്‍ത്ഥിനികള്‍ക്ക് ഇന്ന് വീണ്ടും പരീക്ഷ

നീറ്റ് പരീക്ഷ വിവാദത്തില്‍ പരാതിപ്പെട്ട പെണ്‍കുട്ടികള്‍ക്ക് ഇന്ന് വീണ്ടും പരീക്ഷ നടത്തും. കൊല്ലം എസ് എന്‍ സ്‌കൂളിലാണ് ഉച്ചയ്ക്ക് ഒരുമണി മുതല്‍ പരീക്ഷ. സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. എന്നാല്‍ വീണ്ടും പരീക്ഷയെഴുതാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ മാത്രം എഴുതിയാല്‍ മതിയെന്നും ദേശീയ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.

പരാതി ഉന്നയിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് പരീക്ഷയെഴുതുവാനുളള അവസരം. സംഭവവുമായി ബന്ധപ്പെട്ട് പരീക്ഷ കേന്ദ്രത്തിന്റെ ചുമതലയുണ്ടായ പ്രജി കുര്യന്‍ ഐസക്, ഒബ്സര്‍വര്‍ ഡോ.ഷംനാദ് എന്നിവര്‍ ഉള്‍പ്പെടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യം ലഭിച്ചു. കടയ്ക്കല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് എല്ലാവര്‍ക്കും ജാമ്യം അനുവദിച്ചത്.

സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ ദേശീയ ടെസ്റ്റിങ് ഏജന്‍സി വീഴ്ച സംഭവിച്ചില്ലെന്നാണ് വിശദീകരിച്ചത്. ഇതിന് പിന്നാലെ കേരളത്തില്‍ നിന്നുള്ള എം പിമാര്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് ദേശീയ ടെസ്റ്റിങ് ഏജന്‍സി അന്വേഷണ കമ്മീഷനെ നിയോഗിച്ചു.

കമ്മീഷന്‍ കൊല്ലത്തെ പരീക്ഷാ സെന്ററിലെത്തുകയും പരാതിപ്പെട്ട വിദ്യാര്‍ത്ഥിനികളില്‍ നിന്നും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. വീണ്ടും പരീക്ഷ നടത്താന്‍ അവസരം നല്‍കണമെന്ന് കമ്മീഷനോട് വിദ്യാര്‍ത്ഥിനികള്‍ ആവശ്യപ്പെട്ടിരുന്നു.