അട്ടപ്പാടി മധു കേസില്‍ ഇരുപത്തിയേഴാം സാക്ഷിയും കൂറുമാറി

അട്ടപ്പാടി മധു കൊലക്കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടരുന്നു. വിചാരണ പുനരാരംഭിച്ചതിന് പിന്നാലെ ഇന്ന് ഒരു സാക്ഷി കൂടി കൂറുമാറി. ഇരുത്തിയേഴാം സാക്ഷി സെയ്തലവിയാണ് ഇന്ന് കൂറുമാറിയത്. ഇതോടെ വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം 14 ആയി.

അതേസമയം രണ്ട് സാക്ഷികള്‍ ഇന്ന് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. സാക്ഷികളായ വിജയകുമാര്‍, രാജേഷ് എന്നിവരാണ് മൊഴിയില്‍ ഉറച്ചു നിന്നത്. ഇരുപത്തിയഞ്ചും ഇരുപത്തിയാറും സാക്ഷികളാണിവര്‍.

അതിനിടെ അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കൊപ്പം ഓണാഘോഷത്തിനെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ മധുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. ചിണ്ടക്കി പഴയൂരിലെ വീട്ടിലെത്തി ആരിഫ് മുഹമ്മദ് ഖാന്‍ മധുവിന്റെ അമ്മയെ സന്ദര്‍ശിച്ചത്. മധുവിന്റെ കുടുംബത്തിന് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു.

ഗവര്‍ണറുടെ സന്ദര്‍ശനം നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് ഊര്‍ജം നല്‍കുന്നുവെന്ന് സഹോദരി സരസു മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോള്‍ നേരിടുന്ന ഭീഷണിയും, അഭിഭാഷകന് പണം നല്‍കാത്ത കാര്യവും ഗവര്‍ണറോട് സൂചിപ്പിച്ചുവെന്ന് മധുവിന്റെ കുടുംബം പ്രതികരിച്ചു.