കോയമ്പത്തൂരിന്‌ സമീപം ട്രെയിൻ തട്ടി മൂന്ന്‌ കാട്ടാനകൾ ചരിഞ്ഞു

കോയമ്പത്തൂരിന് സമീപം ട്രെയിൻതട്ടി മൂന്ന് കാട്ടാനകൾ ചരിഞ്ഞു. വാളയാറിനും എട്ടിമടയ്ക്കും ഇടയിലുള്ള തങ്കവേല്‍ കാട്ടുമൂല എന്ന സ്ഥലത്താണ് അപകടം. പാലക്കാട് വഴി കടന്നുപോയ മംഗളൂരു-ചെന്നൈ എക്‌സ്‌പ്രസ്‌ തട്ടിയ രണ്ട് കുട്ടിയാനയും ഒരു പിടിയാനയുമാണ് ചരിഞ്ഞത്.

വാളയാര്‍ ദേശീയ പാതയ്ക്ക് സമാന്തരമായി കടന്നുപോകുന്ന എ ലൈന്‍ ട്രാക്കിലാണ് അപകടം. സാധാരണ കാട്ടാനകള്‍ എ ലൈനിനും ബി ലൈനിനും ഇടയില്‍ മുറിച്ച് കടക്കാറുള്ള മേഖലയാണ്. ഒരാന ട്രാക്കിലും മറ്റ് രണ്ടും ട്രാക്കിന് വശത്തും ആയാണ് വീണത്. രാത്രി വൈകി ആനകളുടെ ജഡം റെയിൽപ്പാതയിൽനിന്ന് മാറ്റിയാണ് യാത്ര തുടർന്നത്.

വാളയാറിൽനിന്ന് പത്തുകിലോമീറ്റർ അകലെയാണ് അപകടം. കഞ്ചിക്കോട് മേഖലയിൽ കറങ്ങുന്ന ആനകളാണോ എന്നറിയാൻ വാളയാർ റേഞ്ചിലെ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് തിരിച്ചു. തമിഴ്നാട് വനം ഉദ്യോഗസ്ഥരും ആർപിഎഫും സ്ഥലത്തെത്തി.