പാലക്കാട് ഉമ്മിനിയില്‍ വീണ്ടും പുലിയിറങ്ങി

പാലക്കാട് ഉമ്മിനിയില്‍ വീണ്ടും പുലിയിറങ്ങി. നേരത്തെ പുലി പ്രസവിച്ച് കിടന്ന അടച്ചിട്ട വീടിന് സമീപമുള്ള ജനവാസ മേഖലയായ സൂര്യ നഗറിലാണ് പുലി എത്തിയത്. ഇവിടെയുള്ള ഇന്‍ഡോര്‍ ഷട്ടില്‍ കോര്‍ട്ടിലെ സെക്യൂരിറ്റി ജീവനക്കാരനാായ ഗോപിയാണ് പുലിയെ കണ്ടത്. ഇതിനടുത്ത് നിന്നും നായകളുടെ തലയോട്ടിയും എല്ലിന്‍ കഷ്ണങ്ങളും കണ്ടെത്തിയിട്ടുണ്ട്.

സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. നിലവില്‍ ഉദ്യോഗസ്ഥര്‍ ഇവിടെ ക്യാമ്പ് ചെയ്യുകയാണ്. പുലി നായയെ വേട്ടയാടുന്നത് കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. പുലിയെ കണ്ടെത്താനായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന ഊര്‍ജ്ജിതമാക്കി.

കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു ഉമ്മിനിയിലെ ആള്‍താമസമില്ലാത്ത വീട്ടില്‍ പുലി പ്രസവിച്ച് കിടന്നതായി കണ്ടെത്തിയത്. 10 ദിവസം മാത്രം പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. തുടര്‍ന്ന് അമ്മപ്പുലിയെ പിടികൂടാന്‍ കൂടുകള്‍ സ്ഥാപിച്ചെങ്കിലും അതില്‍ വീഴാതെ ഒരു കുഞ്ഞിനെ വന്ന് എടുത്തുകൊണ്ട് പോവുകയായിരുന്നു.

Read more

രണ്ടാമത്തെ കുഞ്ഞിനെ തേടി വരുമെന്ന് കരുതി കൂട് സ്ഥാപിച്ച് കാത്തിരുന്നെങ്കിലും പുലി എത്തിയില്ല. തുടര്‍ന്ന് കുഞ്ഞിനെ അകമലയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. കുറച്ച് നാള്‍ പരിപാലിച്ച ശേഷം വീണ്ടും തിരികെ കാട്ടിലേക്ക് അയക്കാനാണ് തീരുമാനം. അമ്മപ്പുലി ഇനി തിരികെ വരില്ലെന്ന് നിഗമനത്തില്‍ കൂടുകള്‍ അടക്കം മാറ്റാന്‍ തീരുമാനിച്ചിരിക്കെയാണ് വീണ്ടും പുലിയുടെ സാന്നിധ്യം ഉണ്ടായിരിക്കുന്നത്.