ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ മന്ത്രിയെ രക്ഷിക്കാന്‍ തന്ത്രിയെ കുടുക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കടകംപള്ളിയിലേക്കും വി.എന്‍ വാസവനിലേക്കും അന്വേഷണം എത്താതിരിക്കാനുള്ള നീക്കമായിരുന്നു തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തതിന് പിന്നിലെന്നാണ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്. ശബരിമല ഉപയോഗിച്ച് കൊണ്ടുള്ള രാഷ്ട്രീയ കളിക്ക് കേരളം മറുപടി നല്‍കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ മറ്റു ചില ലക്ഷ്യങ്ങളുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. യഥാര്‍ത്ഥ കുറ്റവാളികളിലേക്ക് എത്താതിരിക്കാന്‍ വേണ്ടിയാണ് തന്ത്രിയുടെ അറസ്റ്റ് എന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. 365 ദിവസവും ശബരിമല നട തുറക്കണമെന്ന ആവശ്യം മുന്നോട്ട് വന്നപ്പോള്‍ തന്ത്രി എതിര്‍ത്തിരുന്നു. ഈ പക തന്റെ അറസ്റ്റിന് കാരണമായെന്നാണ് തന്ത്രി കോടതിയില്‍ അറിയിച്ചത്. തന്ത്രിയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് സംശയിക്കേണ്ടി വരുമെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. 41 ദിവസം കണ്ഠര് രാജീവരെ ജയിലില്‍ പാര്‍പ്പിച്ചു. തുടര്‍ന്ന് ഒരു തെളിവുമില്ലെന്ന് പറഞ്ഞ് കോടതി ജാമ്യം നല്‍കുകയാണ്. ഇത് തികച്ചു സംശയാസ്പദമായ അറസ്റ്റ് അല്ലേ എന്നും ചെന്നിത്തല ചോദിച്ചു. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ എസ്‌ഐടിയെ മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്ന നിലയുണ്ടായി. അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടായ തകര്‍ച്ച ബോധ്യപ്പെട്ടതോടെയാണ് എസ്‌ഐടി അന്വേഷണം വഴിതിരിച്ചു വിടാന്‍ ഇടപെട്ടത്.
ഹൈക്കോടതി ചൂണ്ടിക്കാണിച്ച മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്തിന്റെ കൃത്യവിലോപങ്ങളും തീരുമാനങ്ങളും അന്വേഷിക്കാതെ, മുന്‍ മന്ത്രിമാരിലേക്കും ഇപ്പോഴത്തെ മന്ത്രിയിലേക്കും അന്വേഷണം നീളാതിരിക്കാന്‍ വേണ്ടിയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്ന് വളരെ വ്യക്തമാവുകയാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ചു. ശബരിമല ഉപയോഗിച്ചുകൊണ്ടുള്ള രാഷ്ട്രീയ കളിക്ക് ജനങ്ങള്‍ ചുട്ടമറുപടി നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Read more
സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥരുടെ വാട്‌സാപ്പില്‍ മുഖ്യമന്ത്രിയുടെ മെസ്സേജ് വന്നതിനേയും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഇത് ഡാറ്റാ പ്രൈവസി ലംഘനമാണെന്നും മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി സംവിധാനം ദുരുപയോഗം ചെയ്യുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ജീവനക്കാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്. മുഖ്യമന്ത്രിക്കെതിരെ കേസെടുത്തു അന്വേഷണം നടത്തണമെന്നും ചെന്നിത്തല പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണം. ഇങ്ങനെ ജീവനക്കാര്‍ക്ക് മെസ്സേജ് അയക്കുന്നത് പാപ്പരത്തമാണ്. ചീഫ് സെക്രട്ടറി ഇത്രയും തരംതാഴരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.







