ശമ്പളവും പെന്‍ഷനും നല്‍കണം; പതിനായിരം കോടിയിലധികം രൂപ കടമെടുക്കാന്‍ സര്‍ക്കാര്‍ നീക്കം; എല്ലാ പ്രതീക്ഷയും ഇന്നത്തെ സുപ്രീംകോടതി ഇടക്കാല ഉത്തരവില്‍

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പതിനായിരം കോടിയിലധികം രൂപ കടമെടുക്കാന്‍ അനുമതി തേടി കേരളം നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും. പതിനാലാം ധനകാര്യ കമ്മീഷന്റെ ശിപാര്‍ശ കാലയളവില്‍ സംസ്ഥാനത്തിന് അനുവദിച്ച ചില തുകകള്‍ അധികമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് 21,000 കോടി രൂപയുടെ വായ്പപരിധി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചത്.

ഇതിനെതിരെയാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. പെന്‍ഷന്‍ ഉള്‍പ്പടെ നല്‍കുന്നതിന് അടിയന്തരമായി പതിനായിരം കോടി രൂപ കടമെടുക്കാന്‍ അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇന്നത്തെ വിധി അനുകൂലമാകുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്. ഇത് ലഭിച്ചാല്‍ മാത്രമെ ശമ്പളവും പെന്‍ഷനും അടക്കം കൊടുക്കാന്‍ സാധിക്കൂ. കേസില്‍ ജസ്റ്റീസുമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നത്.