സാമ്പത്തിക പ്രതിസന്ധി; ചെറുകിട സംരംഭക ജീവനൊടുക്കി

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചെറുകിട സംരംഭക ജീവനൊടുക്കി. തിരുവനന്തപുരം വിളപ്പിലിലാണ് സംഭവം. കല്ലുമലയില്‍ ഹോളോ ബ്രിക്‌സ് കമ്പനി ഉടമയായ രാജി ശിവനാണ് ആത്മഹത്യ ചെയ്തത്. രാജിയ്ക്ക് 58 ലക്ഷത്തിലേറെ രൂപയുടെ കടബാദ്ധ്യത ഉണ്ടായിരുന്നു.

ഹോളോ ബ്രിക്‌സ് കമ്പനിയുടെ നടത്തിപ്പിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി വായ്പയും ചിട്ടിയുമെല്ലാം എടുത്തിരുന്നു. ഇത് തിരിച്ചടക്കാന്‍ കഴിഞ്ഞിരുന്നില്ല. കോവിഡ് പിടിമുറുക്കിയതോടെ രാജി സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. വിളപ്പിലിലെ സാങ്കേതിക സര്‍വകലാശാല പദ്ധതി പ്രദേശത്ത് രാജിക്ക് ഭൂമിയുണ്ടായിരുന്നു. എന്നാല്‍ രേഖകള്‍ അധികൃതരുടെ കൈയിലായിരുന്നു. അതിനാല്‍ അതും ഉപകാരപ്പെട്ടില്ല.

74 സെന്റ് ഭൂമിയായിരുന്നു കൈവശം ഉണ്ടായിരുന്നത്. സര്‍വകലാശാലയ്ക്കായി തീരുമാനിച്ചിരുന്ന സ്ഥലത്ത് ഈ ഭൂമിയും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ഭൂമിയുടെ വിസ്തൃതി കുറച്ചു. രാജിയുടെ കൈയില്‍ നിന്ന് വാങ്ങിയ രേഖകള്‍ തിരികെ ലഭിച്ചിരുന്നില്ല. ഇതോടെ ഭൂമി വില്‍ക്കാനും വായ്പ എടുക്കാനും കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത്. ഇതില്‍ മനംനൊന്താണ് രാജി ജീവനൊടുക്കിയതെന്ന് ഭര്‍ത്താവ് പറഞ്ഞു.

നിരവധി കുടുംബങ്ങള്‍ക്കാണ് ഭൂമിയുടെ രേഖകളും പണവും ഇല്ലാതായത്. 100 ഏക്കര്‍ സ്ഥലമാണ് ഏറ്റെടുക്കാനിരുന്നത്. പിന്നീട് ഇത് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ വലിയ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍.