'തെരഞ്ഞെടുപ്പിൽ പരാജയപ്പെടാനുള്ള കാരണം പിണറായിയുടെ ധാർഷ്ട്യം, എം ബി രാജേഷും വീണ ജോർജ്ജും പൂർണ പരാജയം'; തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റില്‍ വിമർശനം

നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടാനുള്ള കാരണം പിണറായിയുടെ ധാർഷ്ട്യമാണെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റില്‍ വിമർശനം. പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനെതിരെയും രൂക്ഷ വിമര്‍ശനം ഉയർന്നു. അതേസമയം മന്ത്രിമാരായിരുന്ന എം ബി രാജേഷും വീണ ജോർജ്ജും പൂർണ പരാജയം ആയിരുന്നുവെന്നും തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റില്‍ വിമർശനമുയർന്നു.

പിണറായിയുടെ ശരീരഭാഷ സാധാരണക്കാരന് ഉൾക്കൊള്ളാൻ കഴിയാത്തതാണെന്നും സെക്രട്ടറിയേറ്റിൽ വിമർശനം ഉയർന്നു. വീട്ടിൽ പോയി പറയാൻ പറയുന്നതിന് പല അർത്ഥങ്ങളുണ്ട്, ഒരു സിപിഎം പ്രവർത്തക സെൽഫിയെടുത്തത് പോലും മുഖ്യമന്ത്രി തടഞ്ഞുവെന്നും നേതാക്കൾ വിമർശിച്ചു. പ്രായപരിധിയിൽ എന്തിന് പിണറായിക്ക് മാത്രം ഇളവ് നൽകിയതും സെക്രട്ടറിയേറ്റിൽ ചോദ്യം ചെയ്തു. സംസ്ഥാന സമിതി അംഗങ്ങളെ പോലും മത്സരിക്കുന്നതിൽ നിന്ന് ഒഴിവാക്കി, പിന്നെ പിണറായിക്ക് മാത്രം എന്തു പ്രത്യേകതയാണ് ഉള്ളത് എന്നും വിമർശനം ഉയർന്നു.

Read more

പിണറായിയെ പ്രതിപക്ഷ നേതാവാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ചോദ്യമുയർന്നു. എന്നാൽ പിണറായി അല്ലാതെ മറ്റാരെ ആക്കും എന്ന് ഗോവിന്ദൻ ചോദിച്ചു. സീനിയറായി വേറെ ആരുമില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം.മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും അതിരൂക്ഷ വിമർശനമാണ് ഉയർന്നത്. യുപിയിൽ യോഗി പന്തലിട്ടാണ് സാധാരണക്കാരെ സ്വീകരിക്കുന്നതെന്നും, ഇവിടെ സിഎം ഓഫീസിൽ സാധാരണക്കാരന് പ്രവേശിക്കാൻ കഴിയുമായിരുന്നില്ല. മുഷിഞ്ഞ ഷർട്ട് ഇടുന്നവരെ മാറി നിൽക്കാൻ പറയുമെന്നും വിമ‍ർശനമുയർന്നു. എം.ബി രാജേഷും വീണ ജോർജ്ജും പൂർണ പരാജയം ആയിരുന്നുവെന്നും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം ഉയർന്നു.