വടക്കഞ്ചേരിയില്‍ കഞ്ചാവ് കടത്തിയ വാഹനം സാഹസികമായി പിടികൂടി പൊലീസ്

പാലക്കാട് വടക്കഞ്ചേരിയില്‍ കഞ്ചാവ് കടത്തിയ വാഹനം പൊലീസും നാട്ടുകാരും ചേര്‍ന്ന് സാഹസികമായി പിടികൂടി. വടക്കഞ്ചേരി കല്ലിങ്കല്‍ പാടത്ത് വച്ചാണ് അമിത വേഗതയിലെത്തിയ കാറിന് കുറുകെ പൊലീസ് വാഹനം നിറുത്തിയിട്ട് തടഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറില്‍ നിന്ന് പൊലീസ് കഞ്ചാവ് കണ്ടെത്തുകയായിരുന്നു.

അമിത വേഗത്തിലെത്തിയ വാഹനം വിവിധയിടങ്ങളില്‍ നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും കാറിലുണ്ടായിരുന്നവര്‍ നിറുത്തിയില്ല. ആലത്തൂര്‍ ഭാഗത്ത് നിന്ന് വന്ന വാഹനം പാടൂര്‍ വഴി കണ്ണമ്പ്ര കല്ലിങ്കല്‍ പാടം റോഡിലൂടെ അപകടകരമായ രീതിയില്‍ കടന്നുപോകുകയായിരുന്നു. നാട്ടുകാര്‍ വാഹനം തടയാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

Read more

ഇതേ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വാഹനം കടന്നുവന്ന വടക്കഞ്ചേരി പൊലീസ് കല്ലിങ്കല്‍ പാടത്ത് ജീപ്പ് കുറുകെയിട്ട് തടയുകയായിരുന്നു. പൊലീസ് വാഹനത്തില്‍ ഇടിച്ചാണ് കാര്‍ നിറുത്തിയത്. കാറില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് കഞ്ചാവ് കണ്ടെത്തി. കാറിലുണ്ടായിരുന്ന മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.