സ്വപ്‌ന സുരേഷിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയ ആള്‍ പിടിയില്‍

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയയാള്‍ പിടിയില്‍. അമൃത്സര്‍ സ്വദേശിയായ സച്ചിന്‍ദാസാണ് പിടിയിലായത്. പഞ്ചാബില്‍ നിന്ന് കന്റോണ്‍മെന്റ് പൊലീസാണ് ഇയാളെ പിടികൂടിയത്.

ഐടി വകുപ്പിലെ ജോലിക്ക് വേണ്ടിയാണ് സ്വപ്ന വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. മുംബൈയിലെ അംബേദ്കര്‍ സര്‍വകലാശാലയുടെ പേരിലാണ് വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചത്. യുഎഇ കോണ്‍സുലേറ്റിലെ ജോലി നഷ്ടപ്പെട്ടതിനെതുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ ശിപാര്‍ശ പ്രകാരമാണ് സ്‌പേസ് പാര്‍ക്കില്‍ സ്വപ്നക്ക് ജോലി ലഭിച്ചത്.

സ്പേസ് പാര്‍ക്കിലെ നിയമനത്തിനായി സ്വപ്ന സുരേഷ് വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കി എന്നാരോപിച്ച് കന്റോണ്‍മെന്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മുംബൈയിലെ അംബേദ്കര്‍ സര്‍വകലാശായില്‍നിന്ന് ബി കോം ബിരുദം നേടിയെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സ്വപ്ന സ്‌പേസ് പാര്‍ക്കില്‍ നിയമനം നേടിയത്.

സച്ചിന്‍ ഒരു ലക്ഷത്തോളം രൂപ വാങ്ങിയാണ് സര്‍ട്ടിഫിക്കറ്റ് തയാറാക്കി നല്‍കിയതെന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് ദിവസത്തിനകം ഇയാളെ തിരുവനന്തപുരത്തെത്തിക്കും.