പാലാരിവട്ടം പാലം പൊതുജനങ്ങൾക്കായി തുറന്നു

കൊച്ചിയിലെ പാലാരിവട്ടം പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. മാതൃക പെരുമാറ്റച്ചട്ടം നിലനിൽക്കുന്നത് കൊണ്ട് പൊതുമരാമത്ത് മന്ത്രി ജി സുധാകരന് പകരം ചീഫ് എഞ്ചിനീയറാണ് പാലം തുറന്ന് നൽകിയത്. ഇടപ്പള്ളി ഭാ​ഗത്ത് നിന്നും വന്ന മന്ത്രി ജി.സുധാകരൻ ആദ്യത്തെ യാത്രക്കാരനായി പാലത്തിലൂടെ കടന്നു പോയി. സിപിഎം ജില്ലാ സെക്രട്ടറി സി.എൻ.മോഹനനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ജി.സുധാകരനു പിന്നാലെ, പാലം സമയബന്ധിതമായി പൂർത്തിയാക്കിയ ഇടത് സർക്കാരിന് അഭിവാദ്യം അർപ്പിച്ച് സിപിഎം പ്രവർത്തകർ പാലത്തിലൂടെ പ്രകടനവും നടത്തി. ഇവർക്ക് പിന്നാലെ ഇ.ശ്രീധരന് അഭിവാദ്യം അർപ്പിച്ച് ബിജെപി പ്രവർത്തകരും പാലത്തിലൂടെ പ്രകടനം നടത്തി. ഡിഎംആർസി ഉദ്യോ​ഗസ്ഥരും പാലം തുറന്നു കൊടുക്കുന്നതിന് സാക്ഷിയാവാൻ എത്തിയിരുന്നു.

കൊച്ചി മെട്രോ പദ്ധതിയുടെ ഭാ​ഗമായി 2016-ലാണ് ഇടപ്പള്ളി മേൽപ്പാലം ഉദ്ഘാടനം ചെയ്തത്. പിന്നീടാണ് പാലാരിവട്ടം പാലം തുറന്നു കൊടുത്തത്. എന്നാൽ ആഴ്ചകൾക്കുള്ളിൽ പാലത്തിൽ വിള്ളലുകൾ കണ്ടെത്തുകയും തുടർന്ന് പാലം അടയ്ക്കുകയും ചെയ്തു. വിദ​ഗ്ദ്ധ സമിതിയുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ പാലം പുനർനിർമ്മിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. അഞ്ച് മാസം കൊണ്ടാണ് പാലം പൊളിച്ചു പണിതത്. എട്ട് മാസത്തെ സമയപരിധി നിലനിൽക്കെയാണ് ചുരുങ്ങിയ സമയം കൊണ്ട് പാലം പണി പൂർത്തിയാക്കിയത്. നൂറ് വർഷത്തെ ഉറപ്പാണ് പാലത്തിന് അധികൃതർ നൽകുന്ന ഉറപ്പ്.