വൃദ്ധനെ മരുന്ന് കുത്തിവെച്ച് തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചു; രണ്ടു പേര്‍ പിടിയില്‍

വൃദ്ധനെ മരുന്ന് കുത്തിവെച്ച് മയക്കി തട്ടികൊണ്ടുപോയി മര്‍ദ്ദിച്ച് വഴിയില്‍ തളളിയ കേസില്‍ രണ്ടു പേര്‍ വണ്ടന്‍മേട് പൊലീസ് കസ്റ്റഡിയില്‍. ആലപ്പുഴ സ്വദേശി ആരിശേരി വീട്ടില്‍ മഹിമോന്‍ (41) ആലപ്പുഴ കൊമ്മാടി കാട്ടിക്കല്‍ അനീഷ് (40) എന്നിവരാണ് അറസ്റ്റിലായത്. നെറ്റിത്തൊഴു രാജാക്കണ്ടത്ത് താമസക്കാരനായ ആലപ്പുഴ സ്വദേശി മരോട്ടിക്കല്‍ കണ്ണനെ (അഷ്ടകുമാര്‍-59) തട്ടികൊണ്ടുപോയി മര്‍ദ്ദിച്ച് വഴിയില്‍ തളളിയത്.

കേസില്‍ കൂട്ടു പ്രതികളായ സുനീര്‍, അമ്പിളി എന്നിവരെ പിടികൂടാനായിട്ടില്ല. മര്‍ദ്ദനത്തിനിരയായ കണ്ണന്റെ മധ്യസ്ഥതയില്‍ തൊടുപുഴ സ്വദേശിക്ക് മഹിമോന്റെ ഉടമസ്ഥതയിലുളള വാഹനം പണയപ്പെടുത്തിരുന്നു. ഈ വാഹനം പിന്നീട് തിരിച്ചു കിട്ടാത്തതിന്റെ പ്രതികാരമായാണ് പ്രതികള്‍ കണ്ണനെ ആക്രമിച്ചത്.

ഏപ്രില്‍ 12ന് രാവിലെ മരുന്ന് കുത്തിവെച്ച് മയക്കിയശേഷം ഇവര്‍ കണ്ണനെ തട്ടികൊണ്ടുപോകുകയായിരുന്നു. കണ്ണന്റെ വാടകവീട്ടില്‍ വീട്ടുടമ സൂക്ഷിച്ചിരുന്ന 163 കിലോഗ്രാം ഏലക്കായും പ്രതികള്‍ മോഷ്ടിച്ചു.

കണ്ണനു ബോധം തെളിഞ്ഞപ്പോഴൊക്കെ വീണ്ടും മരുന്ന് കുത്തിവച്ചു മയക്കി. ശേഷം കണ്ണനെ മര്‍ദ്ദിച്ച് അവശനാക്കി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. കണ്ണന് ബോധം വന്നതോടെ വണ്ടന്‍മേട് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.