ഞങ്ങള്‍ തുറക്കുന്നത് ബാറുകള്‍ അല്ല, സ്‌കൂളുകളാണ് എന്ന് മുദ്രാവാക്യമുയര്‍ത്തി അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ 10 വര്‍ഷം കൊണ്ട് തുറന്ന ബാറുകളുടെ എണ്ണം ഞെട്ടിക്കുന്നത്: രാജീവ് ചന്ദ്രശേഖര്‍

ഞങ്ങള്‍ തുറക്കുന്നത് ബാറുകള്‍ അല്ല, സ്‌കൂളുകളാണ് എന്ന് മുദ്രാവാക്യമുയര്‍ത്തി അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ 10 വര്‍ഷം കൊണ്ട് തുറന്ന ബാറുകളുടെ എണ്ണം ഞെട്ടിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പിണറായി സര്‍ക്കാര്‍ പത്തുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ കേരളത്തിലെ ബാറുകളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവ് ഞെട്ടിക്കുന്നതാണെന്നാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. കേരളത്തില്‍ അഴിമതിയുടെ കാര്യത്തില്‍ ഇടത്-വലത് മുന്നണികള്‍ ഒറ്റക്കെട്ടാണ് എന്നതിന്റെ തെളിവാണ് ബാറുകളുടെ പ്രവര്‍ത്തനസമയം കൂട്ടിയ സര്‍ക്കാര്‍ തീരുമാനമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.

ഇപ്പോള്‍ ബാറിന്റെ പ്രവര്‍ത്തനസമയം രാത്രി 12 മണിവരെ ആക്കാനുള്ള തീരുമാനവും വന്നിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ബാര്‍ സമയ മാറ്റത്തെ വിമര്‍ശിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍. മാസം 60 മണിക്കൂര്‍, അതായത് അഞ്ച് പ്രവൃത്തിദിനത്തിന് തുല്യമായ വര്‍ധനവാണ് പിണറായി സര്‍ക്കാര്‍ ബാറുകള്‍ക്ക് നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി തന്നെ ഫയല്‍ നേരിട്ട് വിളിച്ച് അതിവേഗത്തിലായിരുന്നു നടപടി എന്നാണ് വാര്‍ത്തകള്‍. സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന ലക്ഷക്കണക്കിന് ഫയലുകള്‍ കെട്ടിക്കിടക്കുമ്പോഴാണ് തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ ബാര്‍ സമയം ഉയര്‍ത്താനുള്ള തീരുമാനം കൈക്കൊണ്ടത്. ഇതിനുപിന്നില്‍ കോടികളുടെ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.

പ്രതിപക്ഷത്തിന്റെ അറിവോടുകൂടിയാണ് പുതിയ ഭേദഗതി എന്ന് എക്‌സൈസ് മന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇടത്-വലത് മുന്നണികളുടെ ഒത്തുകളി രാഷ്ട്രീയമാണ് ഈ തീരുമാനത്തിന് പിന്നിലെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. തിരഞ്ഞെടുപ്പുകാലത്ത് ഫണ്ട് സമാഹരണമാണ് ഇവരുടെ ലക്ഷ്യമെന്നും ജനങ്ങള്‍ ലഹരി ഉപയോഗിച്ച് നശിച്ചാലും കുഴപ്പമില്ല എന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് അവസാനിപ്പിക്കണമെന്നും രാജീവ് ചനദ്രശേഖര്‍ പറഞ്ഞു.

അഴിമതിയും കൈക്കൂലിയും മാത്രമല്ല, ജനങ്ങളുടെ സുരക്ഷയേക്കൂടി ബാധിക്കുന്നതാണ് പുതിയ ഈ തീരുമാനം. ക്രമസമാധാനനില പാടേ തകര്‍ന്ന കേരളത്തില്‍ ബാര്‍സമയം അര്‍ധരാത്രിയിലേക്ക് നീട്ടുമ്പോള്‍ ക്രമസമാധാനനില കൂടുതല്‍ വഷളാകും. ജനങ്ങളുടെ സൈ്വര്യജീവിതത്തെയും സമാധാനത്തെയും വെല്ലുവിളിക്കുന്നതാണ് പുതിയ തീരുമാനം.

സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന ഫയലുകള്‍ക്ക് നല്‍കാത്ത പരിഗണന ബാര്‍ സമയവുമായി ബന്ധപ്പെട്ട ഫയലുകള്‍ക്ക് മുഖ്യമന്ത്രി നല്‍കി എന്ന വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ ഇതിന് പിന്നില്‍ നടന്ന ഇടപാടുകളെപ്പറ്റി അന്വേഷണം വേണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.

Read more

ബാര്‍ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചതല്ല ഏകീകരിച്ചതാണെന്നാണ് എക്‌സൈസ് മന്ത്രി എം.ബി.രാജേഷിന്റെ പ്രതികരണം. ടൂറിസം കേന്ദ്രങ്ങളില്‍ നേരത്തേ അനുവദിച്ച സമയം മറ്റുള്ളവര്‍ക്കു കൂടി ബാധകമാക്കുകയായിരുന്നു എന്നതാണ് എംബി രാജേഷിന്റെ ന്യായീകരണം. രാവിലെ 10 മുതല്‍ രാത്രി 12 വരെ ബാറുകളുടെ സമയം നീട്ടുകയാണ് സര്‍ക്കാര്‍ ചെയ്തത്. നേരത്തെ തന്നെ ടൂറിസം ഡെസ്റ്റിനേഷനുകളില്‍ അനുവദിച്ച സമയം രാവിലെ പത്തുമുതല്‍ രാത്രി 12 വരെയാണ്. അത് എല്ലായിടത്തേക്കും ബാധകമാക്കി ഏകീകരിച്ചുവെന്നേയുള്ളൂവെന്ന് അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.