യമനിൽ വധശിക്ഷ കത്ത് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കിയെന്ന വാർത്ത പിൻവലിച്ചതിന് പിന്നാലെ പ്രതികരിച്ച് കാന്തപുരത്തിന്റെ ഓഫീസ്. എക്സ് പോസ്റ്റ് ഒഴിവാക്കിയത് വാർത്ത ഏജൻസി ആണെന്നും നിമിഷപ്രിയയുടെ വധശിക്ഷ റദ്ധാക്കിയെന്ന വാർത്ത പിൻവലിച്ചിട്ടില്ലെന്നും കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ഷെയർ ചെയ്ത വാർത്തയാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഡിലീറ്റ് ചെയ്തത്. വധശിക്ഷ ഒഴിവാക്കി എന്ന വാർത്തയാണ് കാന്തപുരം എക്സിൽ പങ്കുവെച്ചിരുന്നത്. കാന്തപുരം ഓഫീസിനെ കോട്ട് ചെയ്തുള്ള വാർത്ത ഏജൻസിയുടെ വാർത്ത ആണ് ഷെയർ ചെയ്തിരുന്നത്. ഈ വാർത്തയാണ് ഡിലീറ്റ് ചെയ്തിട്ടുള്ളത്. വധശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങൾ തുടർചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാനും ധാരണയായെന്ന വിവരം കാന്തപുരത്തിൻറെ ഓഫീസും ഇന്നലെ രാത്രി പങ്കുവെച്ചിരുന്നു.
എന്നാൽ ഇതിന് പിന്നാലെയാണ് കാന്തപുരത്തിന്റെ ഓഫീസ് വിഷയത്തിൽ പ്രതികരണവുമായി തങ്ങത്തെത്തിയത്. നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതടക്കമുള്ള വാർത്ത പുറത്ത് വന്നതിന് പിന്നാലെ കാന്തപുരത്തിന്‍റെ ഇടപെടലിനെ ചൊല്ലി അവകാശവാദങ്ങളും തർക്കങ്ങളും നടന്നിരുന്നു. അതേസമയം നിമിഷപ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണങ്ങൾ തള്ളി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി.
നിമിഷപ്രിയയുടെ കേസിനെക്കുറിച്ച് ചില വ്യക്തികൾ പങ്കുവെക്കുന്ന വിവരങ്ങൾ തെറ്റിദ്ധാരണജനകമാണെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കിയെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്നും ഇക്കാര്യത്തിൽ യെമനിൽ നിന്ന് സ്ഥിരീകരണം ലഭിച്ചെന്നും യെമനിലെ സൂഫി പണ്ഡിതൻറെ ശിഷ്യനായ ജവാദ് മുസ്തഫാവി വ്യക്തമാക്കിയിരുന്നു.








