മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയ്ക്ക് ഡാം സുരക്ഷാ അതോറിറ്റിയുടെ അധികാരം നല്‍കും; സുപ്രീംകോടതി

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയ്ക്ക് താല്‍കാലികമായി കൂടുതല്‍ അധികാരങ്ങള്‍ കൈമാറാന്‍ ഒരുങ്ങി സുപ്രീം കോടതി. ഡാം സുരകക്ഷാ അതോറിറ്റിയുടെ നിയമപരമായ അധികാരങ്ങള്‍ സമിതിയ്ക്ക് നല്‍കുമെന്നാണ് കോടതി അറിയിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് വ്യാഴാഴ്ച പുറത്തിറക്കും.

സാങ്കേതിക വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തി മേല്‍നോട്ട സമിതി ശക്തിപ്പെടുത്തും. കേരളവും തമിഴ്‌നാടും നിര്‍ദ്ദേശിക്കുന്ന വിദഗ്ധരെ നിയോഗിക്കാമെന്ന് കോടതി വ്യക്തമാക്കി. ചീഫ് സെക്രട്ടറിമാര്‍ ശിപാര്‍ശ നല്‍കും. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഇത് വ്യക്തമാക്കിയത്.

മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഡാം സുരക്ഷാ അതോറിറ്റിക്ക് വിടണമെന്ന് കേന്ദ്രം കോടതിയില്‍ അറിയിച്ചിരുന്നു. അതോറിറ്റി നിലവില്‍ വരാന്‍ ഒരു വര്‍ഷത്തെ കാലതാമസമുണ്ടെന്നും അറിയിച്ചു. അതിനാല്‍ അതോറിറ്റി നിലവില്‍ വരുന്നത് വരെ ചുമതലകള്‍ സമിതിയെ ഏല്‍പ്പിക്കാനാണ് നിര്‍ദ്ദേശം. സുപ്രീം കോടതി നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാറിന്റെ സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നും, ബലപ്പെടുത്തല്‍ നടപടികളില്‍ സമിതിയ്ക്ക് ഇടപെടാമെന്ന തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും കേരളം നേരത്തെ വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര വിദഗ്ധരെ വച്ച് പരിശോധന നടത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം തമിഴ്‌നാടും അംഗീകരിച്ചിരുന്നില്ല.