എം.പി ഓഫീസ് ആക്രമണം കലാലയങ്ങളെ കൈയൂക്കിന്റെ കേന്ദ്രമാക്കിയതിന്റെ ഫലം; മുന്നണിക്ക് നാണക്കേടെന്ന് പ്രകാശ് ബാബു

വയനാട്ടില്‍ രാഹുല്‍ഗാന്ധി എം പിയുടെ ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു. കലാലയങ്ങളെ കയ്യൂക്കിന്റെ കേന്ദ്രമാക്കി മാറ്റിയതിന്റെ ഫലമാണിപ്പോള്‍ സംഭവിച്ചത്. രാഹുല്‍ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്ത സംഭവം മുന്നണിക്ക് തന്നെ നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.

പ്രവര്‍ത്തകരെ നിയന്ത്രിക്കേണ്ട രീതിയില്‍ നിയന്ത്രിക്കണം. ഇല്ലെങ്കില്‍ അത് ഇടതു മുന്നണിക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. എംപി ഓഫീസ് ആക്രമണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കിയതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം സംഭവത്തെ തുടര്‍ന്ന് എസ്.എഫ്.ഐ നേതാക്കളെ എകെജി സെന്ററിലേക്ക് സിപിഎം വിളിച്ചുവരുത്തിയിരുന്നു. അഖിലേന്ത്യ പ്രസിഡന്റ് വി.പി സാനു, സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ എന്നിവരെയാണ് സിപിഎം വിളിച്ചു വരുത്തിയത്.

സംഭവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് എതിരെ ഉടന്‍ അച്ചടക്കനടപടി ഉണ്ടാകില്ലെന്നാണ് വിവരം. സംസ്ഥാന നേതൃത്വം നേരിട്ടെത്തി വയനാട് ജില്ലാ കമ്മിറ്റി യോഗം വിളിച്ച ശേഷമായിരിക്കും നടപടി സ്വീകരിക്കുക. കേസില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫായിരുന്ന അവിഷിത്ത് കെ ആറിനെ പ്രതി ചേര്‍ത്തു. അറസ്റ്റിലായ 19 എസ്എഫ്‌ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ചത്തേക്ക് കല്‍പ്പറ്റ മുന്‍സിഫ് കോടതിയാണ് ഇവരെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

Read more

കേസില്‍ ആറ് പ്രവര്‍ത്തകരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതോടെ, സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം 25 ആയി. 19 പേരെ ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. പരിസ്ഥിതിലോല പ്രശ്‌നത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ച് ഇന്നലെയാണ് എസ്എഫ്‌ഐ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത്. ഓഫീസ് ഫര്‍ണിച്ചറുകള്‍ അടിച്ചു തകര്‍ത്ത പ്രവര്‍ത്തകര്‍ ഓഫീസ് ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.