എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്ത വാര്‍ഡിലെ റോഡിന് അനുവദിച്ച ഫണ്ട് എംഎല്‍ പിന്‍വലിച്ചു; വൈക്കം എംഎല്‍എ സികെ ആശയുടെ നടപടി വിവാദത്തില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍നിന്ന് യുഡിഎഫ് പിടിച്ചെടുത്ത വൈക്കം നിയമസഭാ മണ്ഡലത്തിലെ വാര്‍ഡിലെ റോഡിന് അനുവദിച്ച ഫണ്ട് എംഎല്‍എ പിന്‍വലിച്ചതില്‍ വിവാദം. വൈക്കം നഗരസഭയിലെ 23ാം വാര്‍ഡായ താലൂക്ക് ഹോസ്പിറ്റല്‍ ഭാഗത്തെ റോഡിന് അനുവദിച്ച ഫണ്ടാണ് തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ എംഎല്‍എ പിന്‍വലിച്ചത്. വൈക്കം താലൂക്ക് ഹോസ്പിറ്റല്‍ ഭാഗത്തെ വയനവേലി റോഡ് പുനര്‍നിര്‍മാണത്തിന് എംഎല്‍എ ഫണ്ടില്‍നിന്ന് അനുവദിച്ച 15 ലക്ഷം രൂപയാണ് സിപിഐയുടെ എംഎല്‍എയായ സി കെ ആശ പിന്‍വലിച്ചത്.

ഫണ്ട് പിന്‍വലിക്കണമെന്ന എംഎല്‍എയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് നടപടി സ്വീകരിക്കണമെന്ന് കോട്ടയം ജില്ല കലക്ടര്‍ വൈക്കം നഗരസഭാ സെക്രട്ടറിക്കു കത്തു നല്‍കിയതോടെയാണ് സംഭവം വിവാദത്തിലായത്. എസ്റ്റിമേറ്റ് ലഭിക്കാത്തതിനാലാണു നടപടിയെന്നാണ് വൈക്കം എംഎല്‍എയുടെ വിശദീകരണം. ലാപ്‌സാകാതെ സമയബന്ധിതമായി വര്‍ക്കുകള്‍ പൂര്‍ത്തീകരിക്കുന്നതിനു വേണ്ടിയാണ് ഫണ്ട് പിന്‍വലിച്ചതെന്നും എംഎല്‍എ ഫണ്ട് പരമാവധി ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ചെയ്തതെന്നും സി.കെ.ആശ വിശദീകരിക്കുന്നുണ്ട്. കഴിഞ്ഞ ജൂലൈ 18നാണ് റോഡ് നവീകരണത്തിന് ഫണ്ടില്‍നിന്നു തുക അനുവദിക്കാന്‍ എംഎല്‍എ സി കെ ആശ ശുപാര്‍ശ നല്‍കിയത്. ജൂലൈ 29ന് എസ്റ്റിമേറ്റ് ലഭ്യമാക്കാന്‍ നഗരസഭാ സെക്രട്ടറിക്കു നിര്‍ദേശം നല്‍കി. എന്നാല്‍ ഈ മാസം 12ന് ഈ പ്രവൃത്തി റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എ കലക്ടര്‍ക്കു കത്തു നല്‍കുകയായിരുന്നു.

ഫണ്ട് അനുവദിച്ച സമയത്ത് എംഎല്‍എയെ അഭിനന്ദിച്ച് സ്ഥലത്ത് ഫ്‌ലെക്‌സ് ബോര്‍ഡുകളടക്കം വച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കിപ്പുറം വാഗ്ദാനം പിന്‍വലിച്ച സികെ ആശയുടെ നടപടി വലിയ വിമര്‍ശനത്തിന് ഇടയാക്കി. പ്രത്യേകിച്ചും തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം വാര്‍ഡ് ഇടത് പക്ഷത്തിന് നഷ്ടമായ സാഹചര്യത്തില്‍ ഫ്‌ലെക്‌സടിച്ച് ആഘോഷിച്ച എംഎല്‍എയുടെ ഫണ്ട് വിതരണം മാസങ്ങള്‍ക്കിപ്പുറം വെറും വാക്കായി മാറിയതില്‍ രോഷം ഉയരുന്നുണ്ട്.

വൈക്കം നഗരസഭയിലെ 23ാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സോണി സണ്ണിയാണ് ജയിച്ചത്. എല്‍ഡിഎഫിന്റെ സിറ്റിങ് വാര്‍ഡ് യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. ഇതാണു ഫണ്ട് പിന്‍വലിക്കാന്‍ കാരണമെന്നാണു കോണ്‍ഗ്രസ് ആരോപിക്കുന്നത്. 4 വര്‍ഷത്തിലേറെയായി കുണ്ടും കുഴിയുമായി കിടക്കുകയാണ് ഈ റോഡ്. വെള്ളക്കെട്ട് ഉണ്ടാകുന്ന റോഡ് ഉയര്‍ത്തി നിര്‍മിക്കുന്നതിനു കൂടിയാണ് എംഎല്‍എ ഫണ്ടില്‍ നിന്ന് തുക അനുവദിച്ചത്. എസ്റ്റിമേറ്റ് അടക്കം പൂര്‍ത്തിയാക്കി നഗരസഭ നല്‍കിയിരുന്നതായി കോണ്‍ഗ്രസ് കൗണ്‍സിലര്‍ സോണി സണ്ണി ആരോപിക്കുന്നുണ്ട്.

Read more

എന്നാല്‍ കഴിഞ്ഞ ജൂലൈയില്‍ അനുവദിച്ച ഫണ്ടില്‍ ഈ മാസം റിവ്യൂ നടത്തിയപ്പോള്‍ എസ്റ്റിമേറ്റ് ലഭിച്ചില്ലെന്നു സി.കെ.ആശ എംഎല്‍എ പറഞ്ഞുവെന്നും ഫണ്ട് പിന്‍വലിച്ചുവെന്നുമാണ് ആക്ഷേപം. എസ്റ്റിമേറ്റ് ഇല്ലാത്തതിനാല്‍ ഭരണാനുമതി നല്‍കാന്‍ സാധിച്ചില്ലെന്നു ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചിട്ടുണ്ട്.