മോദി സര്‍ക്കാരിന് കീഴില്‍ മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇന്ത്യ നേരിടുന്നത് കടുത്ത വെല്ലുവിളിയെന്ന് സിപിഎം. ‘റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡര്‍’ സംഘടന പുറത്തുവിട്ട 180 രാജ്യങ്ങളുടെ ലോകമാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ നേപ്പാളിനും ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനും പിന്നിലായി 151 -ാം സ്ഥാനത്താണ് ഇന്ത്യയെന്ന് സിപിഎം തങ്ങളുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലൂടെ വ്യക്തമാക്കി.. മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികള്‍ തുറന്നുകാട്ടി ലോക മാധ്യമസ്വാതന്ത്ര്യദിനം വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പാര്‍ട്ടി ആചരിച്ചു.
2014ല്‍ മോദി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതോടെ ഇന്ത്യന്‍ മാധ്യമങ്ങള്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലായെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. മോദിയുടെ അടുത്ത സുഹൃത്തായ മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് എഴുപതിലേറേ മാധ്യമ സ്ഥാപനങ്ങളുടെ ഉടമയാണ്. മോദിയുടെ മറ്റൊരു അടുത്ത സുഹൃത്ത് ഗൗതം അദാനി 2022ല്‍ എന്‍ഡിടിവി സ്വന്തമാക്കിയത് ഇന്ത്യയിലെ മുഖ്യധാര മാധ്യമങ്ങളില്‍ ബഹുസ്വരതയുടെ അന്ത്യം സൂചിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
ബിജെപി അനുകൂല അജന്‍ഡകളുമായി ‘ഗോദി മീഡിയ’ ശക്തിപ്രാപിക്കുന്നു. അധികാരത്തിലെത്തിയശേഷം വാര്‍ത്താസമ്മേളനം നടത്താന്‍ മോദി തയ്യാറായില്ല. പകരം തനിക്ക് അനുകൂല മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിമുഖങ്ങള്‍ നല്‍കി. ഒപ്പം നില്‍ക്കാത്തവരെ അതിരൂക്ഷമായി കൈകാര്യംചെയ്യുന്നു. ബിജെപി പിന്തുണയോടെ മാധ്യമ പ്രവര്‍ത്തകരെ വ്യാപകമായി അധിപക്ഷേപിക്കുകയാണെന്നും സിപിഎം ചൂണ്ടിക്കാട്ടി.
കഴിഞ്ഞവര്‍ഷം ലോകത്താകെ 124 മാധ്യമപ്രവര്‍ത്തകര്‍ ജോലിക്കിടെ കൊല്ലപ്പെട്ടെന്ന് കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്സ് റിപ്പോര്‍ട്ട്. മൂന്നില്‍ രണ്ടും ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീന്‍ മാധ്യമ പ്രവര്‍ത്തകരാണ്. സുഡാന്‍, പാകിസ്ഥാന്‍, മ്യാന്‍മര്‍, മെക്സിക്കോ, സിറിയ, ഹെയ്തി എന്നിവിടങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.
Read more
2024ല്‍ 361 മാധ്യമപ്രവര്‍ത്തകര്‍ തടവിലാക്കപ്പെട്ടു. 67 പേരെ കാണാതായി. 2025ല്‍ ഇതുവരെ 15 പേരും കൊല്ലപ്പെട്ടു. ഛത്തീസ്ഗഡില്‍ അഴിമതി വെളിച്ചത്തുകൊണ്ടുവന്നതിന് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ മുകേഷ് ചന്ദ്രകറും ഇതില്‍ ഉള്‍പ്പെടുമെന്നും സിപിഎം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.