'കത്ത് നൽകിയത് നിയമവിരുദ്ധമായി'; കെഎം എബ്രഹാമിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ജോമോൻ പുത്തൻപുരക്കൽ

അനധികൃത സ്വത്ത് സമ്പാദനത്തിൽ സിബിഐ അന്വേഷണം ഉത്തരവിട്ടതിന് പിന്നാലെ കെഎം എബ്രഹാമിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ജോമോൻ പുത്തൻപുരക്കൽ. എബ്രഹാമിന്റെ ആരോപണങ്ങൾ തളിയ ജോമോൻ, എബ്രഹാം മുഖ്യമന്ത്രിക്ക് കത്ത് നൽകിയത് നിയമ വിരുദ്ധ നടപടിയാണെന്നും ചൂണ്ടിക്കാട്ടുന്നു. തനിക്കെതിരായ എബ്രഹാമിൻ്റെ ആരോപണങ്ങൾ ഹൈക്കോടതി തള്ളിയാതാണെന്നും ജോമോൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. എബ്രഹാമിൻ്റെ കത്തിൽ സർക്കാർ അന്വേഷണത്തിനൊരുങ്ങുമ്പോഴാണ് ജോമോൻ്റെ പരാതി.

ഹൈക്കോടതി തള്ളിയ ആരോപണങ്ങളിൽ വീണ്ടും അന്വേഷണം ആവശ്യപ്പെടുന്നത് നിയമ വിരുദ്ധമാണെന്നും ഗൂഢാലോചന സംബന്ധിച്ച അന്വേഷണം തനിക്കെതിരെയാണെന്നും ജോമോൻ പറയുന്നു. വിജിലൻസ് കോടതിയെ സമീപിച്ചതിന് പിന്നാലെ എബ്രഹാമിന് തന്നോട് വ്യക്തി വിരോധമുണ്ട്. താൻ പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ദുരുപയോഗം ചെയ്തെന്ന അന്വേഷണം അതിനുപിന്നാലെ ഉണ്ടായതാണ്. ധനകാര്യ പരിശോധന റിപ്പോർട്ട് തയ്യാറാക്കിയത് തൻ്റെ ഭാഗം കേൾക്കാതെയാണ്. ഈ റിപ്പോർട്ട് നിയമ സഭപെറ്റീഷൻ കമ്മിറ്റി തല്ലിയതാണ്.

അഴിമതി പുറത്തുകൊണ്ടുവരാൻ വ്യക്തികളുമായി സംസാരിക്കുന്നത് ഗൂഢാലോചന അല്ലെന്നും ജോമോൻ പരാതിയിൽ പറയുന്നു. താൻ രണ്ടു പേരുമായി ഗൂഢാലോചന നടത്തി എന്ന ആരോപണം എബ്രഹാം നേരത്തെ ഉന്നയിച്ചതാണ്. വീണ്ടും ഇതേകാര്യം ആവർത്തിക്കുന്നത് സിബിഐ അന്വേഷണത്തിൻ്റെ ജാള്യത മറയ്ക്കാനാണ്. സിബിഐ അന്വേഷണത്തിൻ്റെ വിധി പകർപ്പ് ചേർത്താണ് മുഖ്യമന്ത്രിക്ക് ജോമോൻ പരാതി നൽകിയത്.