കത്ത് വിവാദം; ക്രൈംബ്രാഞ്ച് ആനാവൂര്‍ നാഗപ്പന്റെ മൊഴിയെടുത്തു

തിരുവനന്തപുരം മേയറുടെ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ മൊഴിയെടുത്തു. ബുധനാഴ്ച രാത്രിയാണ് ക്രൈംബ്രാഞ്ച് സംഘം ആനാവൂരിന്റെ മൊഴിയെടുത്തത്. കത്ത് കണ്ടിട്ടില്ലെന്ന് ആനാവൂര്‍ നാഗപ്പന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.

ക്രൈംബ്രാഞ്ചിന് നേരിട്ട് മൊഴില്‍കിയെന്നാണ് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞത്. നേരിട്ടാണോ മൊഴി നല്‍കിയതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആനാവൂര്‍ ആദ്യം മറുപടി പറഞ്ഞിരുന്നില്ല. എന്നാല്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ നേരിട്ടാണ് മൊഴി നല്‍കിയതെന്ന് പറയുകയായിരുന്നു.

എഫ്‌ഐആര്‍ ഇട്ടുള്ള അന്വേഷണം വേണ്ടേയെന്ന ചോദ്യത്തിന് എങ്ങനെ അന്വേഷണം വേണമെന്ന് നിര്‍ദേശിക്കാന്‍ കഴിയില്ലെന്നായിരുന്നു ആനാവൂരിന്റെ മറുപടി. കത്ത് വ്യാജമാണെന്ന് മേയര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും ആനാവൂര്‍ വിശദീകരിച്ചു.

അതേസമയം നഗരസഭയിലെ പിന്‍വാതില്‍ നിയമനങ്ങളില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. നഗരസഭയുടെ ആരോഗ്യവിഭാഗത്തില്‍ നിയമനം നല്‍കാനുള്ള മേയറുടെ പേരിലുള്ള ശുപാര്‍ശ കത്ത് പുറത്തായതിന് പിന്നാലെ നാല് പരാതികള്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഉത്തരവിട്ടത്.