ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരായ സമരം ശക്തമാക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ. ജനുവരി ഒന്ന് മുതല്‍ സമരം കടുപ്പിക്കും. നിസ്സഹകരണ സമരവുമായി മുന്നോട്ട് പോകുമെന്ന് കെജിഎംഒഎ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ പുതിയ പദ്ധതി നിര്‍വഹണം, കായകല്പം, എന്‍ക്യുഎഎസ് പ്രവര്‍ത്തനം എന്നിവയില്‍ നിന്നടക്കം ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും. ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ജനുവരി 18 ന് കൂട്ട അവധിയില്‍ പോകുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.
നിലവിലെ സമരപരിപാടികള്‍ക്കൊപ്പം ജനുവരി നാലിന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സമരം നടത്തുക. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പങ്കെടുക്കാന്‍ പറ്റുന്ന പരമാവധി ആളുകളെ ഉള്‍പ്പെടുത്തും. ഇതിന് പുറമേയാണ് ജനുവരി 18 ന് അവധിയില്‍ പ്രവേശിക്കാനുള്ള തീരുമാനം. അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകള്‍ ലേബര്‍ റൂം എന്നിവ ഒഴികെയുള്ള സേവനങ്ങളില്‍ നിന്ന് വിട്ട് നിന്നായിരിക്കും പ്രതിഷേധം.
ശമ്പള പരിഷ്‌കരണം നടത്തി ഡോക്ടര്‍മാരുടെ അടിസ്ഥാന ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതോടെയാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയത്. ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതോടെ സമരം മാറ്റിവെച്ചിരുന്നു. എന്നാല്‍ പിന്നീട് ഉറപ്പ് പാലിക്കാതായതോടെയാണ് ഡിസംബര്‍ എട്ട് മുതല്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരം ആരംഭിച്ചത്. ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടി ഉണ്ടായിട്ടില്ല.
Read more
അതേസമയം കെജിഎംഒഎ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തി വരുന്ന അനിശ്ചിത കാല നില്‍പ് സമരം ഇന്ന് 14ാം ദിവസത്തിലെത്തി. ഇന്ന് കാസര്‍ഗോഡ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. സമരം കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ട് പോകാനാണ് തീരുമാനം.







