ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടലിനിടെ പരിക്കേറ്റ കുപ്രസിദ്ധ ഗുണ്ട മെന്റല്‍ ദീപു കൊല്ലപ്പെട്ടു

തിരുവനന്തപുരത്ത് ഗുണ്ട സംഘങ്ങളുടെ ഏറ്റുമുട്ടലിനിടെ തലയ്ക്കടിയേറ്റ് ചികിത്സയിലിരുന്ന കുപ്രസിദ്ധ ഗുണ്ട നേതാവ് മെന്റല്‍ ദീപു(37) കൊല്ലപ്പെട്ടു. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. അഞ്ചംഗ സംഘമാണ് അക്രമത്തിന് പിന്നില്‍ എന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ മൂന്ന് പേരെ പോത്തന്‍കോട് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു തിരുവനന്തപുരം ചന്തവിളയില്‍ മദ്യപാനത്തിനിടയില്‍ ഗുണ്ട സംഘങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. സംഘര്‍ഷത്തിനിടെ ബിയര്‍ കുപ്പി കൊണ്ട് ദിപുവിന്റെ തലയ്ക്കടിക്കുകയും, കല്ല് കൊണ്ട് തലയിലും നെഞ്ചിലും ഇടിക്കുകയും ചെയ്തു. ഏറെ നേരം റോഡരികില്‍ ചോര വാര്‍ന്ന് കിടന്ന ദീപുവിനെ പൊലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തുള്ള സ്ഥാപനത്തിലെ സി.സി.ടി.വിയില്‍ നിന്ന് കണ്ടെത്തിയിരുന്നു.

നിരവധി കൊലക്കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട ദീപു. ജാമ്യത്തില്‍ ഇറങ്ങി രണ്ടു ദിവസത്തിന് ശേഷമായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്.

Read more

സംഭവത്തില്‍ ദീപുവിന്റെ കൂട്ടാളികളായ അരുവിക്കരക്കോണം ചിറ്റൂര്‍പൊയ്ക വീട്ടില്‍ അയിരൂപ്പാറ കുട്ടന്‍ എന്ന സുനില്‍കുമാര്‍ (46), കിളിമാനൂര്‍ പഴയകുന്നുമ്മേല്‍ മണലത്തു പച്ച ഇടക്കരിക്കകം ബി.എല്‍ ഭവനില്‍ ലിബിന്‍രാജ് ( 32) കാട്ടായിക്കോണം ശാസ്തവട്ടം ഗിരിജാഭവനില്‍ മോജിത് എന്ന പ്രവീണ്‍കുമാര്‍ (32) എന്നിവരാണ് പിടിയിലായത്. മുഖ്യപ്രതിയായ കല്ലിക്കോട് സ്റ്റീഫന്‍ ഒളിവിലാണ്.