മുന്‍ മിസ് കേരള വിജയികളുടെ മരണം, ഡി.ജെ പാര്‍ട്ടി നടന്ന ഹാളിലെ ദൃശ്യങ്ങള്‍ ഹോട്ടല്‍ ഉടമ ഒളിപ്പിച്ചു

മുന്‍ മിസ് കേരള വിജയികള്‍ കാര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ ഡി.ജെ പാര്‍ട്ടി നടന്ന ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളടങ്ങിയ ഡി.വി.ആര്‍ ഹോട്ടല്‍ ഉടമ ഒളിപ്പിച്ചതെന്ന് കണ്ടെത്തി. ഹോട്ടല്‍ ജിവനക്കാരനാണ് ഇത് സംബന്ധിച്ച് പൊലീസിന് മൊഴി നല്‍കിയതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. ഹോട്ടല്‍ ഉടമ റോയിയുടെ നിര്‍ദേശം അനുസരിച്ച് ഡ്രൈവറാണ് ഡി.വി.ആര്‍ വാങ്ങിക്കൊണ്ട് പോയതെന്നാണ് മൊഴി. റോയിയെ പൊലീസ് ചോദ്യം ചെയ്യും.

നവംബര്‍ ഒന്നിന് ഈ ഹോട്ടലിലെ ഡി.ജെ പാര്‍ട്ടി കഴിഞ്ഞ് കാറില്‍ മടങ്ങുന്ന വഴിയാണ് മുന്‍ മിസ് കേരള അന്‍സി കബീറും രണ്ട് സുഹൃത്തുക്കളും അപകടത്തില്‍ പെട്ട് മരിച്ചത്. ഇതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഡി.വി.ആര്‍ മാറ്റുകയായിരുന്നു. മുമ്പ് രണ്ട് തവണ പൊലീസ് പരിശോധന നടത്തിയെങ്കിലും പാര്‍ട്ടി നടന്ന ഹാളിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നില്ല.

ഇവര്‍ സഞ്ചരിച്ച വാഹനത്തിന് പിന്നാലെ മറ്റൊരു കാര്‍ ഇവരെ പിന്തുടര്‍ന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. എന്നാല്‍ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ അന്‍സി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും, മുന്നറിയിപ്പ് നല്‍കാനാണ് പിന്തുടര്‍ന്നത് എന്നുമാണ് കാറിലുണ്ടായിരുന്നവരുടെ മൊഴി. ഡി.ജെ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ തന്നെയാണോ ഇവരെ പിന്തുടര്‍ന്നതെന്നും കേസുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുകയാണ്. പാര്‍ട്ടി നടന്ന ഹാളിലേയും, പാര്‍ക്കിംഗിലേയും ദൃശ്യങ്ങള്‍ മാത്രമാണ് മാറ്റിയിരിക്കുന്നത്. ഇതില്‍ പൊലീസിന് സംശയമുണ്ട്. ഹോട്ടലില്‍ നിന്നിറങ്ങിയ ഇവരെ ആരെങ്കിലും ആക്രമിച്ചോ എന്നതടക്കം പൊലീസ് പരിശോധിക്കുകയാണ്.

അതേസമയം അപകടത്തില്‍ രക്ഷപ്പെട്ട അബ്ദുള്‍ റഹ്‌മാനെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അപകടവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്കായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.