ഒട്ടകപ്പുറത്തേറിയ വരന്‍ പിടിച്ചത് 'പുലിവാല്'; കേസെടുത്ത് ചക്കരക്കല്‍ പൊലീസ്

കണ്ണൂരിലെ വിവാദ കല്യാണത്തില്‍ കേസെടുത്ത് പൊലീസ്. വാരം ചതുരക്കിണറില്‍ വരന്‍ ഒട്ടകപ്പുറത്ത് കയറി വിവാഹത്തിനെത്തിയ സംഭവത്തിലാണ് പൊലീസ് കേസെടുത്തത്. വളപട്ടണം സ്വദേശിയായ വരന്‍ റിസ്വാനും ഇയാളുടെ ഒപ്പമുണ്ടായിരുന്ന 25 പേര്‍ക്കെതിരെയുമാണ് സംഭവത്തെ തുടര്‍ന്ന് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രാവിലെ വരനും സുഹൃത്തുക്കളും വധുവിന്റെ വീട്ടിലേക്കാണ് ഒട്ടകപ്പുറത്തെത്തിയത്. ഒട്ടകപ്പുറത്ത് ബാന്റ് മേളത്തിന്റെ അകമ്പടിയോടെ എത്തിയ വരനെ കാണാന്‍ പ്രദേശത്ത് നിരവധി പേര്‍ തടിച്ചുകൂടിയിരുന്നു. ഇതോടെ റോഡില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

വിമാനത്താവളത്തിലേക്കുള്ള റോഡിലും ഗതാഗത തടസം രൂപപ്പെട്ടതോടെ വധുവിന്റെ വീട്ടുകാര്‍ എതിര്‍പ്പുമായി എത്തിയിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ചക്കരക്കല്‍ പൊലീസ് ലാത്തി വീശിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.