പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; നാശനഷ്ടത്തേക്കാള്‍ ആറിരട്ടിയോളം സ്വത്തുവകകള്‍ സര്‍ക്കാര്‍ കണ്ടുകെട്ടി

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ സംഭവിച്ച നഷ്ടത്തേക്കാള്‍ ആറിരട്ടിയോളം സ്വത്തുവകകള്‍ സര്‍ക്കാര്‍ കണ്ടുകെട്ടി. ദേശീയ നേതാക്കളെ എന്‍ഐഎ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സെപ്റ്റംബര്‍ 23നായിരുന്നു സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താല്‍ നടന്നത്.

ഹര്‍ത്താലില്‍ വിവിധ സ്ഥലങ്ങളില്‍ ഉണ്ടായ അതിക്രമങ്ങളില്‍ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് 5.2 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. എന്നാല്‍ നഷ്ടപരിഹാരമായി 28,72,35,342 രൂപയുടെ സ്വത്തുക്കളാണ് ജപ്തി ചെയ്തത്.

പിടിച്ചെടുത്ത വസ്തുവകകള്‍ ലേലം ചെയ്യുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. സാധാരണ രീതിയനുസരിച്ച് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ജപ്തി ചെയ്ത സ്വത്തുക്കള്‍ ലേലം ചെയ്യുന്നത്. ഇത് വേഗത്തിലാക്കാന്‍ കോടതി നിര്‍ദേശിച്ചാല്‍ ലേലം ഉടന്‍ നടത്തും.

സര്‍ക്കാര്‍ രൂപീകരിച്ച ക്ലെയിം കമ്മീഷന്‍ നഷ്ടപരിഹാരം നല്‍കുന്നതിന് നോട്ടീസ് നല്‍കിത്തുടങ്ങി. ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്തുവകകള്‍ കണ്ടു കെട്ടിയത്. പൊതുമുതല്‍ നശിപ്പിച്ചതിന് നേതാക്കളില്‍ നിന്ന് പരിഹാരം ഈടാക്കാന്‍ സെപ്റ്റംബര്‍ 29ന് കോടതി ഉത്തരവ് നല്‍കിയിരുന്നു.

Read more

എന്നാല്‍ ഇതിന് വേണ്ടിയുള്ള നടപടികള്‍ വൈകിയത് കോടതിയുടെ വിമര്‍ശനത്തിന് കാരണമാവുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ 206 വസ്തുവകകള്‍ കണ്ടുകെട്ടുകയായിരുന്നു.