ഗവര്‍ണര്‍ക്ക് പുതിയ ബെന്‍സ് കാര്‍, നിര്‍ദേശം അംഗീകരിച്ച് ഉത്തരവിറക്കി സര്‍ക്കാര്‍; വില 85 ലക്ഷം

പുതിയ ബെന്‍സ് കാര്‍ വാങ്ങാനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവായി. 85.18 ലക്ഷം രൂപ വിലയുള്ള ബെന്‍സ് കാര്‍ വാങ്ങാനാണ് അനുമതി. ബെന്‍സിന്റെ ജിഎല്‍ഇ ക്ലാസിലുള്ള വാഹനമാണ് വാങ്ങുന്നത്.

എം.ഒ.എച്ച്. ഫാറൂഖ് ഗവര്‍ണറായിരുന്നപ്പോള്‍ വാങ്ങിയ പഴയ ബെന്‍സ് കാര്‍ ആണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഒരു ലക്ഷം കിലോമീറ്റര്‍ ഓടിയപ്പോള്‍ സുരക്ഷാ കാരണങ്ങളാല്‍ കാര്‍ മാറ്റണമെന്നു മരാമത്ത് വകുപ്പ് എന്‍ജിനീയര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

വിവിഐപി പ്രോട്ടോക്കോള്‍ പ്രകാരം ഒരുലക്ഷം കിലോമീറ്റര്‍ കഴിഞ്ഞാല്‍ വാഹനം മാറ്റണം. നിലവിലെ വാഹനം ഒന്നരലക്ഷം കിലോമീറ്റര്‍ ഓടിയതാണ്. ദൂരയാത്രയ്ക്ക് ഇതിനെ ആശ്രയിക്കാന്‍ സാധിക്കാത്തതിനാല്‍ പലപ്പോഴും ഇന്നോവയിലാണ് ഗവര്‍ണറുടെ സഞ്ചാരം.

പുതിയ ബെന്‍സ് കാര്‍ സര്‍ക്കാരിനോട് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തന്റെ ഇപ്പോഴുള്ള ഔദ്യോഗിക കാറില്‍ താന്‍ സംതൃപ്തനാണെന്നും ഏത് വാഹനം വേണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.