കമ്മീഷനില്ല, അധ്വാനത്തിന്റെ ഫലം തൊഴിലാളിയ്ക്ക് മാത്രം; ഓലയും യൂബറും കേരളത്തില്‍ ഇനി വിയര്‍ക്കും; തൊഴിലാളി ദിനത്തില്‍ പരിഷ്‌കരിച്ച കേരള സവാരിയുമായി സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാനത്ത് മെയ് 1 മുതല്‍ പരിഷ്‌കരിച്ച കേരള സവാരി ആപ്പ് വീണ്ടും പ്രവര്‍ത്തന സജ്ജമാകുന്നു. 2022ല്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ മൊബൈല്‍ ആപ്പ് ആണ് കേരള സവാരി. സോഫ്റ്റ്‌വെയര്‍ തകരാറിനെ തുടര്‍ന്ന് പ്രവര്‍ത്തന രഹിതമായ ആപ്പിനെ മെയ് 1 മുതല്‍ പുതിയ പരിഷ്‌കാരങ്ങളോടെ വീണ്ടും അവതരിപ്പിക്കുകയാണ് സര്‍ക്കാര്‍.

ബംഗളൂരുവിലെ ജനപ്രിയമായ ‘നമ്മ യാത്രി’ ആപ്പിന്റെ പിന്തുണയോടെയാണ് കേരള സവാരി പരിഷ്‌കരിച്ച പതിപ്പ് അവതരിപ്പിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് ഏറെ ജനപ്രീതിയുള്ള യൂബര്‍, ഓല ആപ്പുകളേക്കാള്‍ കുറഞ്ഞ നിരക്കാണ് കേരള സവാരി യാത്രക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ഗതാഗത, തൊഴില്‍ വകുപ്പുകളുടെ പിന്തുണയോടെയാണ് ആപ്പ് വീണ്ടും പുറത്തിറക്കുക.

തൊഴിലാളികള്‍ക്കും ഏറെ ഗുണകരമാണ് കേരള സവാരി. നിലവില്‍ പ്രചാരത്തിലുള്ള ഓല,യൂബര്‍ തുടങ്ങിയ ആപ്പുകളില്‍ ഡ്രൈവര്‍മാരില്‍ നിന്ന് കമ്മീഷനായി 30 ശതമാനം വരെയാണ് ഈടാക്കുന്നത്. എന്നാല്‍ കമ്മീഷന്‍ ഈടാക്കാതെയാണ് കേരള സവാരി ഡ്രൈവര്‍മാരിലേക്കെത്തുക. ആപ്പ് ഉപയോഗിക്കുന്ന യാത്രക്കാരില്‍ നിന്ന് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കുകള്‍ മാത്രമാണ് ഈടാക്കുക.

അതായത് ഓടുന്ന തുക ഡ്രൈവറിന് സ്വന്തമെന്ന് സാരം. ഒന്നാം തീയതി ആപ്പ് വീണ്ടും ഉപയോഗസജ്ജമാകുമെങ്കിലും ഔദ്യോഗികമായി പിന്നീട് ലോഞ്ച് ചെയ്യാനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്. തിരുവനന്തപുരത്തും കൊച്ചിയിലും ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാകും. സംസ്ഥാനത്തെ മറ്റ് നഗരങ്ങളില്‍ ആപ്പ് ഘട്ടം ഘട്ടമായി പ്രാവര്‍ത്തികമാക്കും.

Read more

ഇതോടകം വലിയ തോതില്‍ ടാക്സി, ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തതിട്ടുണ്ട്. 6,000-ത്തിലധികം ടാക്സി ഡ്രൈവര്‍മാരുള്ള യെല്ലോ കാബ്‌സ്, ഓള്‍ കേരള ഓണ്‍ലൈന്‍ ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്‍ എന്നിവ ഈ സംരംഭത്തിന്റെ ഭാഗമാണ്. ഉപയോക്താക്കള്‍ക്ക് ആപ്പ് ഉപയോഗിച്ച് കൊച്ചി മെട്രോ ടിക്കറ്റുകളും അന്തര്‍ സംസ്ഥാന ബസുകളും ബുക്ക് ചെയ്യാന്‍ കഴിയും.