വനം വകുപ്പിന്റെ തെറ്റില്ല; കരടി ചത്ത സംഭവത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇന്ന് അന്തിമ റിപ്പോർട്ട് നൽകും

തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ വീണ് കരടി ചത്ത സംഭവത്തിൽ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് അന്തിമ റിപ്പോർട്ട് നൽകുന്നത്. കരടി ചത്തതിൽ വനം വകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. നിലവിലെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വൈൽഡ് ലൈഫ് വാ‍ർഡനും ‍ഡിഎഫ്ഒയ്ക്കും മെമ്മോ നൽകുക എന്നതിൽ കൂടുതൽ നടപടികൾ ഒന്നും തന്നെ എടുക്കാൻ സാധിക്കുകയില്ല.

പോസ്റ്റ്മോർട്ടം വിവരങ്ങൾ ഉൾപ്പെടുത്തി പ്രാഥമിക റിപ്പോർട്ട് മന്ത്രിക്ക് നേരത്തെ തന്നെ നൽകിയിരുന്നു. മയക്കുവെടി വയ്ക്കാതെ കരടി പുറത്തെടുക്കാൻ സാധിക്കില്ലെന്നായിരുന്നു പ്രാഥമിക റിപ്പോർട്ടിലെയും ഉള്ളടക്കം. മയക്ക് വെടി വയ്ക്കാനുള്ള തീരുമാനത്തിലോ, വെള്ളം വറ്റിക്കാൻ വൈകിയതിലോ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് ഡിഎഫ്ഒ വിശദീകരിക്കുന്നത്.

എന്നാൽ തുടക്കം മുതൽ രക്ഷാപ്രവർത്തനം പാളിയെന്നത് വ്യക്തമായ കാര്യമാണ്. മയക്കുവെടിയേറ്റ കരടി വെള്ളത്തിൽ താണുപോകുകയായിരുന്നു. പിന്നീട് വെള്ളം വറ്റിച്ച് കരടിയെ പുറത്തെടുത്തപ്പോഴേക്കും അത് ചത്തു. അടിത്തട്ടിലേക്ക് പോയ കരടിയെ മുകളിലേക്ക് എത്തിക്കാൻ കിണറ്റിൽ ഇറങ്ങിയ ആർക്കും, കരടിയുടെ അടുത്തേക്ക് പോലും എത്താനായില്ല. പമ്പ് സെറ്റ് ഉപയോഗിച്ച് വെള്ളം വറ്റിക്കാനുള്ള തീരുമാനവും വൈകിയാണ് എടുത്തത്. എന്നാൽ ഇതെല്ലാം പാടെ അവഗണിച്ചാണ് അന്വേഷണ റിപ്പോർട്ട് നൽകുന്നത്