റേഷന്‍ വിതരണം സാധാരണ നിലയിലേക്ക്, വീണ്ടും പ്രതിസന്ധി, സര്‍വര്‍ തകരാര്‍ പരിഹരിച്ചുവെന്ന് ഭക്ഷ്യമന്ത്രി

സംസ്ഥാനത്ത് റേഷന്‍ വിതരണത്തില്‍ വീണ്ടും പ്രതിസന്ധി. ഇന്ന് മുതല്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ താത്കാലികമായി ഏര്‍പ്പെടുത്തിയിരുന്ന ക്രമീകരണം പിന്‍വലിച്ച് സാധാരണ നിലയിലേക്ക് മാറുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പല റേഷന്‍ കടകളിലും ഇന്നും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം വിതരണം തടസ്സപ്പെട്ടു. അതേസമയം തകരാറ് പരിഹരിച്ചുവെന്നും, നിലവിലുള്ളത് നെറ്റ്‌വര്‍ക്ക് പ്രശ്‌നം മാത്രമാണെന്നും ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു.

സംസ്ഥാനത്ത് ഇ- പോസ് മെഷീന്‍ തകരാറിലായതോടെ റേഷന്‍ വിതരണം മുടങ്ങുന്ന സ്ഥിതിയുണ്ടായിരുന്നു. ഇതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജില്ലകള്‍ തിരിച്ച് രാവിലെയും വൈകിട്ടുമായി ആയിരുന്നു വിതരണം നടത്തിയിരുന്നത്. ഇത് പിന്‍വലിച്ച് ഇന്ന് മുതല്‍ രാവിലെ 8.30 മുതല്‍ 12.30 വരെയും വൈകിട്ട് മൂന്ന് മുതല്‍ 6.30 വരെയും കടകള്‍ പ്രവര്‍ത്തിക്കുമെന്നാണ് അറിയിച്ചിരുന്നത്.

റേഷന്‍ വിതരണത്തില്‍ വ്യാപക പ്രതിസന്ധി ഇല്ലെന്നാണ് മന്ത്രി പറഞ്ഞത്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ഇതുവരെ രണ്ട് ലക്ഷം പേര്‍ റേഷന്‍ വാങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

Read more

അതേസമയം ആദ്യമായിട്ടല്ല സംസ്ഥാനത്ത് റേഷന്‍ വിതരണം തടസ്സപ്പെടുന്നത്. ഇ പോസ് മെഷീനില്‍ തകരാറുണ്ടാകുമ്പോള്‍ മാത്രം പരിഹരിക്കുന്നതല്ലാതെ ശാശ്വതമായ ഒരു പരിഹാരം കാണുന്നില്ലെന്നാണ് റേഷന്‍ വ്യാപാരികള്‍ ഉന്നയിക്കുന്ന പരാതി.