'വി സി നിയമന കേസുകളിൽ സുപ്രീംകോടതിയിൽ നടത്തിയ കേസുകൾക്ക് ചെലവായ തുക നൽകണം'; സർവകലാശാലകൾക്ക് കത്തയച്ച് ഗവർണർ

വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നടത്തിയ കേസുകൾക്ക് ചെലവായ തുക സർവകലാശാലകൾ നൽകണമെന്ന് ഗവർണർ. ഇതുസംബന്ധിച്ച് സർവകലാശാലകൾക്ക് ഗവർണർ കത്തയച്ചു. രണ്ട് സർവകലാശാലകളും 5.5 ലക്ഷം രൂപ വീതം നൽകണമെന്നാണ് ആവശ്യം.

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകൾക്കാണ് ഗവർണർ കത്തയച്ചത്. രണ്ട് സർവകലാശാലകളും 5.5 ലക്ഷം രൂപ വീതം നൽകണം. ഇത്തരത്തിൽ രണ്ട് സർവകലാശാലകളും വക്കീൽ ഫീസ് ഇനത്തിൽ ചേർത്ത് നൽകേണ്ടത് 11 ലക്ഷം രൂപയാണ്. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളുടെ താത്കാലിക വി സി നിയമനം ഹൈക്കോടതി റദ്ദാക്കിയതിനെതിരെയായിരുന്നു രാജ്ഭവൻ സ്വന്തം നിലയിൽ സുപ്രീംകോടതിയെ സമീപിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട തുകയാണ് ഇപ്പോൾ സർവകലാശാലകൾ വഹിക്കണമെന്ന് ഗവർണർ ആവശ്യപ്പെടുന്നത്.

സാധാരണഗതിയിൽ സർവകലാശാലകൾക്കെതിരെ വരുന്ന കേസുകൾക്കാണ് സർവകലാശാലകൾ പണം ചെലവഴിക്കുന്നത്. എന്നാൽ സാങ്കേതിക സർവകലാശാലയിൽ ഇത്തരത്തിൽ പണം നൽകണമെങ്കിൽ സിൻഡിക്കേറ്റിന്റെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ സിൻഡിക്കേറ്റിന്റെ ചർച്ചയിൽ കൂടി ഈ വിഷയം ചർച്ചചെയ്തതിന് ശേഷം മാത്രമായിരിക്കും ഇക്കാര്യത്തിൽ ഒരു അന്തിമ തീരുമാനമാവുക.

Read more