ഏകീകൃത കുര്‍ബാന; ബിഷപ്പിന് എതിരെ നടപടിയുമായി വത്തിക്കാന്‍, സ്ഥാനം ഒഴിയാന്‍ നിര്‍ദ്ദേശം

ഏകീകൃത കുര്‍ബാന വിഷയത്തില്‍ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് അന്ത്യശാസനവുമായി വത്തിക്കാന്‍. സഭ തര്‍ക്കത്തെ തുടര്‍ന്ന് ബിഷപ്പ് ആന്റണി കരിയിലിന് സ്ഥാനമൊഴിയണം എന്നാവശ്യപ്പെട്ട് വത്തിക്കാന്‍ നോട്ടീസ് അയച്ചു.

എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ വികാരി സ്ഥാനം ഒഴിയണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.കഴിഞ്ഞ ആഴ്ച ബിഷപ്പിനെ വത്തിക്കാന്‍ സ്ഥാനപതി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. തുടര്‍ന്നാണ് നോട്ടീസ് നല്‍കിയത്.

വിമത വൈദിക സമരത്തെ പിന്തുണച്ചതിനാണ് നടപടിയെന്നാണ് സൂചന. ഇതേ തുടര്‍ന്ന് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി വത്തിക്കാന്‍ സ്ഥാനപതി നാളെ എറണാകുളം ബിഷപ്പ് ഹൗസില്‍ എത്തും.എറണാകുളം അങ്കമാലി അതിരൂപത സഭാതര്‍ക്കത്തില്‍, ആലഞ്ചേരി വിരുദ്ധരായ വൈദികരെയും ബിഷപ്പ് പിന്തുണച്ചിരുന്നു.

അതേസമയം ബിഷപ്പിനെതിരായ നടപടി അംഗീകരിക്കില്ലെന്നാണ് ഒരു വിഭാഗം വൈദികര്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്. വിഷയത്തില്‍ എന്ത് നിലപാട് കൈക്കൊള്ളണമെന്ന് ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് ബിഷപ്പ് ഹൗസില്‍ പ്രതിഷേധ യോഗം ചേരും.