'യൂത്ത് കോണ്‍ഗ്രസുകാരെ ഡിവൈ എഫ് ഐക്കാര്‍ മര്‍ദ്ദിക്കുകയല്ല, രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു,അതിനിയും തുടരും' മുഖ്യമന്ത്രി

നവകേരള സദസില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ തല്ലിച്ചതച്ച ഡി വൈ എഫ് ഐക്കാരെ പരസ്യമായി ന്യായീകരിച്ച് മുഖ്യമന്ത്രി. ഡി വൈ എഫ് ഐക്കാര്‍ യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദ്ദിക്കുകയായിരുന്നില്ല, ബസിന് മുന്നില്‍ ചാടിയവരുടെ ജീവിന്‍ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. അതിനിയും തുടരുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

യൂത്ത് കോണ്‍ഗ്രസുകാരുടേത് പ്രതിഷേധമല്ല ആക്രണമോല്‍സുകതയാണ്, അത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കു്ന്ന പ്രശ്‌നങ്ങള്‍ ചെറുതല്ല. ഓടുന്ന വാഹനത്തിന് മുന്നില്‍ ചാടി പ്രതിഷേധിക്കുകയെന്നാല്‍ വലിയ അപകടം ഉണ്ടാക്കുകയെന്നാണര്‍ത്ഥം. അത് എന്തെല്ലാം പ്രചാരണങ്ങള്‍ക്ക് ഇടയാക്കും.

ജനാധിപത്യത്തിന്റെ ഭാഗമായുള്ള പ്രതിഷേധങ്ങള്‍ക്ക് തങ്ങള്‍ എതിരല്ല. എന്നാല്‍ ഓടുന്ന വാഹനത്തിന് മുന്നില്‍ കരിങ്കൊടിയുമായി ചാടിവീണാല്‍ എന്തായിരിക്കും ഫലം എന്നും മുഖ്യമന്ത്രി ചോദിച്ചു. വെറും പ്രതിഷേധമല്ല ഇത്. നിലവിലെ അന്തരീഷം മാറ്റി മറിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം. ജനങ്ങളുമായി സംവദിക്കുക എന്നതാണ് നവകേരളാസദസിലൂടെ ഉദ്ദേശിച്ചത് എന്നാല്‍ ഇപ്പോള്‍ അതൊരു വലിയ ബഹുജന പരിപാടിയായി പോയെന്നും മുഖ്യമന്ത്രി പറഞ്ഞു. അതില്‍ നിരാശപ്പെടുന്നവരാണ് ഇത്തരം പ്രതിഷേധങ്ങളുമായി മുന്നോട്ടു വരുന്നതെന്നും അദ്ദേഹം പറഞ്ഞു.