ബിജെപിയും എൽഡിഎഫും തമ്മിലാണ് കേരളത്തിൽ ഡീൽ, കോൺഗ്രസിന്റെ ഏക ഡീൽ ജനങ്ങളോട് : ശശി തരൂർ

സിപിഎം – ബിജെപി ഡീൽ ആരോപണം ഉയർത്തി എഐസിസി അംഗം ശശി തരൂർ എംപി. കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി എം. ലിജുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് ശശി തരൂർ സിപിഎമ്മിനെതിരെ ഡീൽ ആരോപണം ഉയർത്തിയത്. ബിജെപിയും എൽഡിഎഫും തമ്മിലാണ് കേരളത്തിൽ ഡീലുകൾ ഉള്ളത്. എന്നാൽ കേരളത്തിൽ മത്സരം നടക്കുന്നത് എൽഡിഎഫും യുഡിഎഫും തമ്മിലെന്നും തരൂർ അഭിപ്രായപ്പെട്ടു.

കോൺഗ്രസിന്റെ ഏക ഡീൽ ജനങ്ങളോടാണെന്നും അദ്ദേഹം വ്യക്തമാക്കി. കായംകുളത്തെ ജനങ്ങൾ കണ്ണീർ രാഷ്ട്രീയം തള്ളിക്കളയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് മണ്ഡലം ചെയ‍ർമാനായിരുന്ന ഇർഷാദ്, എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭക്കെതിരെ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശങ്ങളുമായി ബന്ധപ്പെട്ട വിവാദം നേരിട്ട് പരാമർശിക്കാതെയായിരുന്നു തരൂ‍ർ ഇപ്രകാരം പറഞ്ഞത്. ബിജെപിയെ ജയിപ്പിച്ചത് കൊണ്ട് യാതൊരു കാര്യവുമില്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പാണെന്നും തരൂർ അഭിപ്രായപ്പെട്ടു.