കറുത്ത വസ്ത്രവും മാസ്‌കും വിലക്കപ്പെട്ട ദിവസം ജനാധിപത്യത്തിന്റെ കറുത്ത ദിനം: ശശി തരൂര്‍

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രങ്ങളും മാസ്‌കുകളും അടക്കമുള്ളവയ്ക്ക് ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത വിലക്കില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കറുത്ത വസ്ത്രവും മാസ്‌കും വിലക്കപ്പെട്ട ദിവസം ജനാധിപത്യത്തിന്റെ കറുത്ത ദിനമാണെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യം എന്താണെന്നാല്‍, പ്രതിഷേധങ്ങളുടെ ബലത്തില്‍ അധികാരത്തില്‍ എത്തിയ പാര്‍ട്ടിയുടെ തലവന്‍ എന്ന നിലയില്‍, ഇത്തരത്തിലുള്ള അക്രമരഹിതമായ പ്രതിഷേധങ്ങളെ അടിച്ചമത്താന്‍ അദ്ദേഹത്തിന്റെ സര്‍ക്കാരിന് ധാര്‍മ്മികമായോ നിയമപരമായോ രാഷ്ട്രീയപരമായോ യാതൊരു അവകാശം ഇല്ല. ഈ നിരോധനം എത്രയും പെട്ടെന്നുതന്നെ എടുത്തുകളയണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത മാസ്‌കിന് വിലക്കില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന ഇടങ്ങളില്‍ കറുത്തമാസ്‌ക് ധരിക്കരുതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കടക്കം പൊലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് വാര്‍ത്തയായതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.

ഈ വിലക്ക് ഇന്നും തുടര്‍ന്നതോടെ കോഴിക്കോട് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത മാസ്‌ക് അഴിച്ചുമാറ്റാന്‍ ജനങ്ങളോട് ആവശ്യപ്പെടരുത് എന്ന് പൊലീസിന് നിര്‍ദേശം നല്‍കി. സുരക്ഷാ മേല്‍നോട്ട ചുമതലയുള്ള ഐജി അശോക് യാദവാണ് ഡിവൈഎസ്പിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്.

അതിനിടെ, മുഖ്യമന്ത്രിയുടെ പരിപാടിക്കെത്തുന്നവര്‍ കറുത്ത വസ്ത്രവും മാസ്‌കും ഒഴിവാക്കണമെന്ന് കോഴിക്കോട് ലത്തീന്‍ രൂപത അറിയിച്ചു. പരിപാടിക്കെത്തുന്ന വിശ്വാസികള്‍ക്ക് രൂപത ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കി.

മലപ്പുറത്തും കോഴിക്കോടും വന്‍ പ്രതിഷേധ പരമ്പരകള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടെ പരിപാടികള്‍. തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടന വേദിയിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകരെ തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചു. കറുത്ത മാസ്‌ക്കണിഞ്ഞ് ഉദ്ഘാടന വേദിയില്‍ എത്തിയവര്‍ക്ക് പകരം മഞ്ഞ മാസ്‌ക്ക് നല്‍കിയാണ് പ്രവേശനം അനുവദിച്ചത്.