പൂവച്ചലില്‍ സി.പി.എം വീണു, കോണ്‍ഗ്രസ് അവിശ്വാസം പാസായി, ബി.ജെ.പി പിന്തുണച്ചു

തിരുവനന്തപുരം പൂവച്ചല്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് അവിശ്വാസം പാസായതോടെ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. ബിജെപിയുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണയോടു കൂടിയാണ് അവിശ്വാസം പാസായത്. 9 ന് എതിരെ 14 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിനെ സ്ഥാനത്ത് നിന്ന് നീക്കിയത്. ഭരണസ്തംഭനം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് അവിശ്വാസം കൊണ്ടുവന്നത്. പഞ്ചായത്തില്‍ ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് ടി.സനല്‍കുമാറാണ് 23 അംഗ പഞ്ചായത്തില്‍ എല്‍ഡിഎഫിന് 9 യുഡിഎഫിന് 7, ബിജെപിക്ക് 6, ഒരു സ്വതന്ത്രന്‍ എന്ന നിലയിലാണ് അംഗബലം. പ്രതിപക്ഷ വോട്ടുകള്‍ മുഴുവന്‍ കോണ്‍ഗ്രസിന്റെ അവിശ്വാസത്തിന് അനുകൂലമായിരുന്നു. പുതിയ പ്രസിഡന്റിനെ 15 ദിവസത്തിനകം തിരഞ്ഞെടുക്കണം. ബിജെപിയുടെ സഹായത്തോടു കൂടി മാത്രമേ കോണ്‍ഗ്രസിന് ഭരണം പിടിക്കാന്‍ കഴിയൂ. ബിജെപി പിന്തുണ നല്‍കിയില്ലെങ്കില്‍ എല്‍ഡിഎഫിന് വീണ്ടും അധികാരത്തില്‍ കയറാന്‍ കഴിയും.

അതേസമയം ബിജെപിയുടെ പിന്തുണ തങ്ങള്‍ ആവശ്യപ്പെട്ടിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അനൂപ് പറഞ്ഞു. പ്രമേയത്തെ അനുകൂലിച്ച് അവര്‍ സ്വമേധയാ വോട്ട് ചെയ്തത് ആണെന്ന് അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് – ബിജെപി കൂട്ടുകെട്ടിനെ പഴിച്ച് സിപിഎം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് – ബിജെപി അവിശുദ്ധ സഖ്യമാണ് ജയിച്ചതെന്ന് സിപിഎം ആരോപിച്ചു.